ഇന്ത്യന്‍ കമ്പോളം കൂപ്പ് കൂത്തി

ഇന്ത്യന്‍ കമ്പോളം കൂപ്പ് കൂത്തി

രാംനാഥ് ചാവ്‌ല-
മുംബൈ: വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരായപ്പോള്‍ ഇന്ത്യന്‍ കമ്പോളങ്ങള്‍ കൂപ്പുകുത്തി. എച്ച്ഡിഎഫ്‌സി ട്വിന്‍സ്, ഇന്‍ഫോസിസ്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ക്ക് വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ കമ്പോളങ്ങളില്‍ ഭൂരിഭാഗം കമ്പനികളുടെയും ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ പത്തു ശതമാനത്തോളം നേട്ടം കൊയ്തു. ഇത് സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും വലിയ ഇടിവ് ഒരു പരിധിവരെ കുറച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധി, വിവിധ മേഖലകളിലെ ഉപഭോക്തൃതാത്പര്യക്കുറവ് എന്നിവയെല്ലാം നിക്ഷേപകരെ വില്‍പ്പനക്കാരാക്കി.
ഒരുവേള 700 പോയിന്റ്‌വരെ ഇടിഞ്ഞ സെന്‍സെക്‌സ് പിന്നീട് സ്ഥിതി മെച്ചപ്പെടുത്തി 623.75 പോയിന്‌റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 183.80 പോയിന്റ് ഇടിഞ്ഞ് 10,925.85ല്‍ വ്യാപാരം അവസാനിപ്പിച്ചു. യെസ് ബാങ്ക്, എം ആന്‍ഡ് എം, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, മാരുതി, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി എന്നിവയുടെ ഓഹരികള്‍ 10.35 ശതമാനം വരെ താഴ്ന്നു.
തിങ്കളാഴ്ച പ്രഖ്യാപിച്ച ജിയോ ജിഗാ ഫൈബറാണ് ആര്‍ഐഎലിന്റെ ഓഹരികള്‍ക്ക് നേട്ടം സമ്മാനിച്ചത്. കൂടാതെ കമ്പനിയുടെ ഓയില്‍ ആന്റ് കെമിക്കല്‍ ബിസിനസിന്റെ ഓഹരികള്‍ സൗദി അരാംകോയ്ക്കു വില്‍ക്കുന്നതും ഇന്ധന ചില്ലറ വില്‍പ്പന ശൃംഖലയുടെ പകുതിയോളം ഓഹരികള്‍ ബിപിക്ക് വില്‍ക്കുന്നതും ഓഹരികള്‍ക്ക് ഉണര്‍വേകി.
സര്‍ ഫാര്‍മ, പവര്‍ ഗ്രിഡ് എന്നിവയുടെ ഓഹരികളും നേട്ടത്തിലായിരുന്നു. വാഹനവിപണിയില്‍ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില്‌നയിടിവ് ജൂലൈയില്‍ ഉണ്ടായതായി സിയാം വെളിപ്പെടുത്തിയത് വാഹന ഓഹരികളില്‍ ഇടിവുണ്ടാക്കി. 15,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും കമ്പോളങ്ങളെ സ്വാധീനിച്ചു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ എല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോംഗിന്റെ ഹാങ് സെങ് 2.10 ശതമാനവും ചൈനയുടെ ഷാങ്ഹായ് സൂചിക 0.63 ശതമാനവും ദക്ഷിണകൊറിയയുടെ കോസ്പി സൂചിക 0.85 ശതമാനവും ജപ്പാന്റെ നിക്കീ സൂചിക 1.11 ശതമാനവും ഇടിഞ്ഞു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ രൂപക്ക് അടിതെറ്റി. ഡോളര്‍വില ഇന്നലെ 49 പൈസ ഉയര്‍ന്ന് 71.27 രൂപയായി. അതേസമയം, ബ്രെന്റ് ഇനം ക്രൂഡ് 0.51 ശതമാനം ഉയര്‍ന്ന് ബാരലിന് 58.27 ഡോളറായി.

 

Post Your Comments Here ( Click here for malayalam )
Press Esc to close