സാമ്പത്തിക രംഗത്ത് വന്‍ ശക്തിയായി മാറാന്‍ ഇന്ത്യ

സാമ്പത്തിക രംഗത്ത് വന്‍ ശക്തിയായി മാറാന്‍ ഇന്ത്യ

അളക ഖാനം
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പഠനം. പത്തു വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളായ ജപ്പാനെയും ജര്‍മനിയെയും പിന്നിലാക്കി ഇന്ത്യ ലോക സമ്പദ്ഘടനയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് ആഗോള ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി. യുടെ വെളിപ്പെടുത്തല്‍. അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നില്‍. ഇപ്പോള്‍ ആഗോള സമ്പദ്ഘടനയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 2028 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം കോടി ഡോളറിന്റേതായി മാറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 2.3 ലക്ഷം കോടി ഡോളറിന്റേതാണ് ഇന്ത്യന്‍ സമ്പദ്ഘടന. ജി.എസ്.ടി. നടപ്പാക്കിയതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 7.1 ശതമാനം വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വളര്‍ച്ച കുറയും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാകുമെന്ന് എച്ച്.എസ്.ബി.സി. യുടെ പഠനം വ്യക്തമാക്കുന്നു. ഉയര്‍ന്ന ജനസംഖ്യക്കനുസൃതമായ, സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് രാജ്യത്തിന്റെ കരുത്ത്. ജി.എസ്.ടി. നടപ്പാക്കിയതോടെ അനൗപചാരികമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരികയോ ജീവനക്കാരെ പിരിച്ചുവിടുകയോ വേണ്ടിവരും. ഒരുവശത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ ഇകൊമേഴ്‌സ് പോലുള്ള പുതിയ മേഖലകള്‍ അടുത്ത ദശാബ്ദത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close