ഇന്ത്യയിലെ സമ്പത്ത് മുഴുവന്‍ അതി സമ്പന്നരുടെ കൈകളില്‍

ഇന്ത്യയിലെ സമ്പത്ത് മുഴുവന്‍ അതി സമ്പന്നരുടെ കൈകളില്‍

അളക ഖാനം-
ദാവോസ്: ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സമ്പന്നരുടെ കൈകളിലാണെന്ന് പഠനം. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പത് ശതകോടീശ്വരന്‍മാര്‍ കയ്യാളുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാമിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുളളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേര്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 18 പുതിയ ശതകോടീശ്വരന്‍മാരാണ് ഇന്ത്യയിലുണ്ടായത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്.
കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനമാണ് വര്‍ധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വര്‍ധനവ് മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്ത സാഹചര്യവും പല വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും സാമ്പത്തിക അസന്തുലിതത്വം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. സ്ത്രീകളും കുട്ടികളുമാണ് ഈ അസമത്വത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close