പണപ്പെരുപ്പം നാലര വര്‍ഷത്തെ ഉയരത്തില്‍

പണപ്പെരുപ്പം നാലര വര്‍ഷത്തെ ഉയരത്തില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലര വര്‍ഷത്തെ ഉയരത്തിലെത്തി. 5.77 ശതമാനമാണ് ജൂണിലെ പണപ്പെരുപ്പം.
പച്ചക്കറികളുടെ വില ഉയര്‍ന്നതും ഇന്ധന വില വര്‍ധനയുമാണ് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയത്. ഇതോടെ, ഓഗസ്റ്റ് ഒന്നിന് അവസാനിക്കുന്ന പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന ആശങ്ക ശക്തമായി.
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയില്‍ 4.43 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 0.90 ശതമാനവും. 2013 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇപ്പോഴത്തേത്. 2013 ഡിസംബറില്‍ 5.9 ശതമാനം ആയിരുന്നു പണപ്പെരുപ്പം.
സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ധന വില വര്‍ധന 2018 ജൂണില്‍ 16.18 ശതമാനമാണ്. ഇന്ത്യക്ക് ലഭിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില ഏപ്രിലില്‍ ബാരലിന് 66 ഡോളറായിരുന്നത് ഇപ്പോള്‍ 74 ഡോളറിലെത്തി നില്‍ക്കുകയാണ്.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 1.80 ശതമാനമായി. പച്ചക്കറി വില 8.12 ശതമാനം ഉയര്‍ന്നു. ഉരുളക്കിഴങ്ങിന്റെ വില മുന്‍ വര്‍ഷം ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ 99.02 ശതമാനമാണ് കുതിച്ചുയര്‍ന്നത്. സവാളയുടേത് 18.25 ശതമാനമാണ്.
ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണില്‍ അഞ്ചു മാസത്തെ ഉയരത്തില്‍ എത്തിയിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പത്തിനു പിന്നാലെ മൊത്തവില സൂചിക കൂടി കുതിച്ചുയര്‍ന്നതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ആര്‍.ബി.ഐ. നിര്‍ബന്ധിതമാകുമെന്നാണ് സൂചന. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധാരണഗതിയില്‍ പലിശ കുറക്കാറുണ്ട്. നാലു വര്‍ഷത്തിനിടെ, ആദ്യമായി കഴിഞ്ഞ മാസം പലിശ ഉയര്‍ത്തിയിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close