പ്രതിസന്ധി; ആദായനികുതി പരിധി ഉയര്‍ത്തിയേക്കും

പ്രതിസന്ധി; ആദായനികുതി പരിധി ഉയര്‍ത്തിയേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ആദായനികുതി പരിധി ഉയര്‍ത്തിയേക്കും. നിലവിലുള്ള 2.5 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ആദായ നികുതി പരിധി ഉയര്‍ത്താനുള്ള ആലോചനകളാണ് ധനമന്ത്രാലയം നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം സെക്ഷന്‍ 80 സി പ്രകാരം നല്‍കുന്ന ആദായനികുതി കിഴിവിന്റെ പരിധിയും ഉയര്‍ത്തും.
സെക്ഷന്‍ 80 സി പ്രകാരം നിലവില്‍ ആദായ നികുതിയില്‍ ലഭിക്കുന്ന കിഴിവ് 1.5 ലക്ഷം രൂപയാണ്. സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. അഞ്ച് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 5.8 ശതമാനത്തിലേക്ക് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എത്തിയതിന് പിന്നാലെയാണ് തിരക്കിട്ട നീക്കങ്ങള്‍.
സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോഗത്തിലുണ്ടായ കുറവ് കേന്ദ്രസര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള നീക്കങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ദ്വൈമാസ ധനഅവലോകന യോഗത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ആര്‍.ബി.ഐ പലിശ നിരക്കുകള്‍ കുറച്ചതും ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close