പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ട്. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. പാകിസ്താന്‍ ഉത്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ 200 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള ഉറ്റ സൗഹൃദ രാഷ്ട്ര (എംഎഫ്എന്‍) പദവി ഇന്ത്യ പിന്‍വലിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച നടപടി. തീരുവ വര്‍ധന ഇപ്പോള്‍ തന്നെ നിലവില്‍ വന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. മോസ്റ്റ് ഫേവേഡ് നാഷന്‍സ് പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടി ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്ത്യയില്‍ നിന്നെത്തുന്ന പരുത്തിയും പഞ്ചസാരയും കിട്ടാതായാല്‍ പാകിസ്താന്റെ വ്യവസായ മേഖലയില്‍ വന്‍ പ്രത്യാഘാതമായിരിക്കും അത് സൃഷ്ടിക്കുക. 2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഈ പദവി പിന്‍വലിക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലോക വ്യാപാര സംഘടനയിലെ അംഗം എന്ന നിലയില്‍ 1996ലാണ് ഗാട്ട് കരാറിന്റെ ഭാഗമായി ഉറ്റ സൗഹൃദ രാഷ്ട്രങ്ങളില്‍ ഇന്ത്യ പാകിസ്താനെ കൂടി ഉള്‍പ്പെടുത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close