ഐഎഫ്എഫ്‌കെ: രജതചകോരം ലിജോ ജോസ് പെല്ലിശേരിക്ക്

ഐഎഫ്എഫ്‌കെ: രജതചകോരം ലിജോ ജോസ് പെല്ലിശേരിക്ക്

ഫിദ-
തിരു: 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മ.യൗ വിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ‘ദ് ഡാര്‍ക്ക് റൂം’ സ്വന്തമാക്കി. 15 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ക്കാണ്. മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരം ‘ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്’യെന്ന ചിത്രം സംവിധാനം ചെയ്ത അനാമിക ഹസ്‌കര്‍ സ്വന്തമാക്കി. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബിയാട്രിസ് സഗ്‌നറുടെ ‘ദ് സൈലന്‍സ്’ എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്‍ നേടി. ഇന്ത്യയിലെ മികച്ച നവാഗത സംവിധായക ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത ‘മനോഹര്‍ ആന്‍ഡ് ഐ’ കരസ്ഥമാക്കി. വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴല്‍’ ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ഗോവ അന്താരാഷ്ട്ര ചലചിത്രമേളയിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോയ്ക്കു തന്നെയായിരുന്നു. പ്രളയത്തെ അതിജീവിച്ച കേരളത്തില്‍ നിന്നും ഈ അവാര്‍ഡ് വാങ്ങാനായതാണ് ഏറ്റവും വലിയ അഭിമാനമെന്നു ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close