ഐസിഐസിഐ ബാങ്കില്‍ വന്‍ നിക്ഷേപം നടത്തി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന

ഐസിഐസിഐ ബാങ്കില്‍ വന്‍ നിക്ഷേപം നടത്തി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന

രാംനാഥ് ചാവ്‌ല-
മുംബൈ: രാജ്യാതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോഴും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കില്‍ വന്‍ നിക്ഷേപം നടത്തി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ HDFC Limited ല്‍ ഓഹരി വിഹിതമുയര്‍ത്തിയതിന് പിന്നാലെയാണിത്.
എച്ച്ഡിഎഫ്‌സിയുടെ ഒരു ശതമാനം ഓഹരി കഴിഞ്ഞ മാര്‍ച്ചില്‍ പിപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയതറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ വിദേശ നിക്ഷപങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഒരു ശതമാനത്തിന് താഴെ ഓഹരികള്‍ പല കമ്പനികളിലായി ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനായി 3,100 കോടി രൂപയാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചത്.
മൂലധനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ബാങ്ക് രംഗത്തു വന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇതൊരു അവസരമായെടുത്താണ് ചൈനീസ് ബാങ്ക് ഓഹരി വാങ്ങിയത്.
സിംഗപ്പൂര്‍ സര്‍ക്കാര്‍, മോര്‍ഗന്‍ ഇന്‍വെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തി. പ്രമുഖ സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സിന്റെ 0.32% ഓഹരികളും ഫാര്‍മ കമ്പനിയായ പിരാമല്‍ എന്റര്‍പ്രൈസസിന്റെ 0.43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്. അംബുജ സിമന്റിന്റെ ഓഹരികള്‍ക്കായി 122 കോടിയും പിരാമല്‍ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്കായി 137 കോടിയും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചു.
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനക്ക് പുറമെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close