ഹൈഡ്രജന്‍ ഇന്ധന വാഹന നിര്‍മാണത്തിന് കേന്ദ്രാനുമതി

ഹൈഡ്രജന്‍ ഇന്ധന വാഹന നിര്‍മാണത്തിന് കേന്ദ്രാനുമതി

ഗായത്രി-
തിരു: ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതിനല്‍കി. ഹ്രൈഡജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള കരട് രൂപരേഖയാണ് കേന്ദ്ര ഉപരിതല മന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാലും അഞ്ചും മണിക്കൂര്‍ വേണ്ടിവരുന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേതുപോലെ മിനിറ്റുകള്‍ക്കുള്ളില്‍ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയും. പെട്രോള്‍ ബങ്കുകളുടെ മാതൃകയില്‍ തന്നെ ഹൈഡ്രജന്‍ റീ ഫില്ലിങ് സെന്ററുകള്‍ സജ്ജീകരിക്കാം.
ഇലക്‌ട്രോ കെമിക്കല്‍ എന്‍ജിനുകളാണ് ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഓക്‌സിജനുമായി ചേര്‍ത്ത് ഹൈഡ്രജനെ ഇലക്‌ട്രോ കെമിക്കല്‍ സെല്ലിലേക്ക് കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും ചേരുമ്‌ബോള്‍ ഉണ്ടാകുന്ന ഇലക്‌ട്രോണ്‍ പ്രവാഹമാണ് വൈദ്യുതിയായിമാറുന്നത്. വാഹനങ്ങളെ ചലിപ്പിക്കുന്ന മോട്ടോറിന് ഇവിടെനിന്നാണ് ഊര്‍ജം ലഭിക്കുന്നത്. വാഹനത്തില്‍ പിടിപ്പിച്ച ബാറ്ററികളില്‍നിന്ന് ഊര്‍ജമെടുത്താണ് ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നത്. വാഹനത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റംവരുത്താതെതന്നെ ഹൈഡ്രജന്‍ ടാങ്ക് ഘടിപ്പിക്കാനാകും. വൈദ്യുതി വാഹനങ്ങളെക്കാള്‍ ഇന്ധനക്ഷമത കൂടുതലാണ്. പരിസ്ഥിതി മലനീകരണം ഉണ്ടാവില്ല. ചിലവ് കൂടുതലാണെന്നതാണ് പോരായ്മ.
ഹൈഡ്രജന്‍ ഫ്യൂവല്‍സെല്‍ വാഹനങ്ങളുടെ ഉപയോഗക്ഷമതയെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചും പഠിക്കാന്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിന് കേന്ദ്രാനുമതി ലഭിച്ചത്. കേരളമാണ് ആദ്യ പ്രോജക്ട് അവതരിപ്പിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close