ഹുവാവേക്ക് യുഎസില്‍ വിലക്ക്

ഹുവാവേക്ക് യുഎസില്‍ വിലക്ക്

രാംനാഥ് ചാവ്‌ല-
മംബൈ: യുഎസ് ചൈന വാണിജ്യയുദ്ധം പുതിയ തലത്തിലേക്ക്. ചൈനീസ് ടെലികോം ഉപകരണ കമ്പനി ഹുവാവേക്ക് അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തി. ഹുവാവേയുമായി അമേരിക്കന്‍ കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇനി ഒരു ഇടപാടും പറ്റില്ല.
തിരിച്ചടിക്കുമെന്നും ചൈനീസ് വ്യവസായങ്ങളുടെ താത്പര്യം രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ചൈന പ്രതികരിച്ചു. ഏതെങ്കിലും യുഎസ് കമ്പനികളെ വിലക്കുമോ എന്ന ചോദ്യത്തിനു വിദേശകാര്യ വക്താവ് മറുപടി നല്‍കിയില്ല.
അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് ഹുവാവേയെ വിലക്കിയത്. അടിയന്തരാവസ്ഥയില്‍ രാജ്യതാല്‍പ്പര്യത്തിനു ഭീഷണിയാകുന്ന ഒരു സ്ഥാപനവുമായും കമ്പനിയുമായും ബന്ധം പാടില്ല. ട്രംപിന്റെ പ്ര!ഖ്യാപനം വന്ന ഉടനേ വാവേയെയും ഉപ കമ്പനികളെയും ഭീഷണി ഉയര്‍ത്തുന്നവയുടെ പട്ടികയില്‍പ്പെടുത്തി. ഇനി വാവേയുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും അമേരിക്കയിലേക്കു വാങ്ങുകയോ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും വാവേക്കു നല്‍കുകയോ ചെയ്യാന്‍ പാടില്ല.
വാണിജ്യയുദ്ധത്തിന്റെ ഭാഗമായി ചൈനയില്‍നിന്നുള്ള മുഴുവന്‍ ഇറക്കുമതിക്കും അമേരിക്ക 25 ശതമാനം ചുങ്കം ചുമത്തി. ഇതില്‍ കുറേ അടുത്തയാഴ്ച പ്രാബല്യത്തിലാകും. ബാക്കി എന്നു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടില്ല. യുഎസ് സാധനങ്ങള്‍ക്കു ചൈനയും ചുങ്കം ചുമത്തി. അതു ജൂണ്‍ ഒന്നിനു പ്രാബല്യത്തിലാകും.
യുഎസ് ചൈന വാണിജ്യ ചര്‍ച്ചയില്‍ ചൈന കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാന്‍വേണ്ടിയുള്ള തന്ത്രമാണു ചുങ്കം ചുമത്തല്‍ എന്ന് ആദ്യം കരുതിയിരുന്നു. ഇപ്പോള്‍ തന്ത്രം അതല്ലെന്നാണു സൂചന. ചൈനയെ ഒരു പ്രഖ്യാപിത ശത്രുവായി ഉയര്‍ത്തിപ്പിടിച്ച് അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പ് ജയിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായി.
ഹുവാവേയും മറ്റൊരു ചൈനീസ് കമ്പനിയായ സെഡ്ടിഇയും അമേരിക്കക്കും അമേരിക്കന്‍ വ്യവസായങ്ങള്‍ക്കും ഭീഷണിയാണെന്ന അഭിപ്രായം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മാത്രമല്ല ഡെമോക്രാറ്റുകള്‍ക്കും ഉണ്ട്.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close