‘ഹൃദ്യം’ ചിത്രീകരണം പൂര്‍ത്തിയായി

‘ഹൃദ്യം’ ചിത്രീകരണം പൂര്‍ത്തിയായി

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെസി ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഹൃദ്യ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹനന്മക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് ഒരു വിധവയുടെ പരിചരണത്തില്‍ എത്തിപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായ വിധവ ആ യുവാവിനെ പരിചരിക്കുന്നു. പരിചരണത്തിനിടയിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റു വഴികളിലേക്ക് തിരിയുന്നു. ലോകത്തിന്റെ മുന്നില്‍ ഞെട്ടിപ്പിക്കുന്ന ഒരു സന്ദേശം ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ സ്ഥാപിച്ചുകൊണ്ട് ‘ഹൃദ്യം’ അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു ആഗോള സിനിമയായിരിക്കുമെന്നതാണ് സംവിധായകന്റെ ആത്മവിശ്വാസം.
തീര്‍ത്തും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങളൊരുക്കിയിരിക്കുന്നത്. ആദ്യന്തം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. തീയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഒരേസമയം ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് സംവിധായകന്‍ ഏറ്റെടുത്തിരിക്കുന്നത്. പറഞ്ഞുപഴകിയ വിഷയങ്ങള്‍ പ്രമേയമാക്കിയ ക്ലിഷേ സിനിമകള്‍ ധാരാളമുണ്ട്. എന്നാല്‍ ക്ലീഷേ വിഷയങ്ങളെ വ്യത്യസ്തമായി സമീപിക്കുമ്പോള്‍, സാമൂഹിക പ്രസക്തിയുള്ള ക്ലിഷേ വിഷയങ്ങള്‍ക്ക് പ്രായോഗികവും സ്വീകാര്യവുമായ വ്യാഖ്യാനങ്ങളും പരിഹാരങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സമീപനമാണ് ഹൃദ്യത്തില്‍ പുലര്‍ത്തുന്നത്.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഫയലുകളുടെ തിരക്കില്‍ നിന്ന് വഴിമാറി ചലച്ചിത്ര സംവിധായകനാകുകയാണ് കെ.സി. ബിനു. ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ഹൃദ്യം’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചുകൊണ്ടാണ് കെ.സി. ബിനുവിന്റെ ചലച്ചിത്രപ്രവേശം. വാണിജ്യ സിനിമയുടെ തനതു രീതിയില്‍ നിന്നും വ്യത്യസ്തമായാണ് തിരക്കഥയും ചിത്രീകരണവും നടത്തിയിരിക്കുന്നത്. ഹൃദ്യം മുന്നോട്ടുവയ്ക്കുന്ന സമകാലിക വിഷയം തീര്‍ത്തും ശ്രദ്ധേയമാണ്.
തീയേറ്റര്‍ ഹിറ്റ്, അവാര്‍ഡുകള്‍ എന്നീ രണ്ട് അംഗീകാരങ്ങളും ഒരേ സിനിമയില്‍ നിന്ന് നേടിയെടുക്കുക എന്നത് ഏതൊരു ചലച്ചിത്രകാരന്റെയും സ്വപ്‌നമാണ്. ഹൃദ്യം എന്ന ചിത്രത്തിലൂടെ ഈ രണ്ട് അംഗീകാരങ്ങളും നേടികൊണ്ട് ‘ടു ഇന്‍ വണ്‍’ സ്ഥാപിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ കെ.സി. ബിനു അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ഹൃദ്യം ഒരു ‘മൈന്റ്‌ലെസ് എന്റര്‍ടെയ്‌നര്‍’ എന്നതിനുപകരം ‘ചിന്തിപ്പിക്കുന്ന ചലച്ചിത്രാസ്വാദനം’ എന്നാണ് സംവിധായകന്റെ അഭിപ്രായം.
ഹൃദ്യത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജിത് എന്ന നവാഗതനടന്റെ അര്‍പ്പണബോധം ചിത്രീകരണത്തിന്റെ കരുത്തായി എന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. ‘സാംകുമാര്‍’ എന്ന നായക കഥാപാത്രമായി അജിത്തിനെ മാറ്റിയെടുക്കാന്‍ ആറുമാസം വേണ്ടി വന്നു. ആ ആറുമാസക്കാലം സ്വന്തം വ്യക്തിത്വം മാറ്റിവെച്ച് കഥാപാത്രമായി അജിത് ജീവിച്ചു. അതുകൊണ്ടുതന്നെ ഹൃദ്യത്തില്‍ അജിത്തിന് അഭിനയിക്കേണ്ടി വന്നില്ല. അത് ഏതൊരു അഭിനേതാവിനും മാതൃകയാണ്. തന്മയത്ത്വമുള്ള പ്രകടനമാണ് ഹൃദ്യത്തില്‍ അജിത് കാഴ്ചവെച്ചിരിക്കുന്നത്.
സാംകുമാറായി അജിത്, നായികാകഥാപാത്രമായ സോഫിയയായി നവാഗത നടിയായ ശോഭ എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ്ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി. സുരേഷ്‌കുമാര്‍ തുടങ്ങിയവരും ഹൃദ്യത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍, നിര്‍മ്മാണം ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം കെ.സി. ബിനു, ഛായാഗ്രഹണം ആനന്ദ്കൃഷ്ണ, ഗാനരചന പൂവ്വച്ചല്‍ ഖാദര്‍, സംഗീതം അജിത് കുമാര്‍, പവിത്രന്‍, അസ്സോ: ഡയറക്ടര്‍ ഷബീര്‍ഷാ, എഡിറ്റിംഗ് വിഷ്ണു പുളിയറ, കല രാജേഷ്ട്വിങ്കിള്‍, ചമയം വൈശാഖ്, വസ്ത്രാലങ്കാരം സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍ അനീഷ്. ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ് സന്തോഷ്, പി.ആര്‍.ഓ അജയ്തുണ്ടത്തില്‍.
പാലോട് വനത്തിനുള്ളിലും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

Post Your Comments Here ( Click here for malayalam )
Press Esc to close