ഹോണ്ട നിയോവിംഗിനും വിപണിയില്‍ പച്ചക്കൊടി

ഹോണ്ട നിയോവിംഗിനും വിപണിയില്‍ പച്ചക്കൊടി

ഫിദ-
കൊച്ചി: 100 സി.സിയും കടന്ന്, ബൈക്കുകള്‍ പല രൂപത്തിലും ഭാവത്തിലും നമുക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, പുതുതലമുറയിലെ യുവാക്കളെ ത്രസിപ്പിക്കാന്‍ പുതിയൊരു താരം വരികയാണ്, ട്രൈക്ക്. അതെ, ട്രൈക്ക് പേര് കേള്‍ക്കുമ്പോള്‍ പലരും ഊഹിച്ചിട്ടുണ്ടാകും, മൂന്നു വീലുള്ള വണ്ടിയാകുമെന്ന്. ശരിയാണ്. മൂന്നു വീലുണ്ട്. പക്ഷേ, ട്രൈക്ക് എന്ന് പൊതുവെ അറിയപ്പെടുന്നത് മുന്നില്‍ ഒരുവീലും പിന്നില്‍ രണ്ടു വീലുകളും ഉള്ള വാഹനമാണ്. എന്നാല്‍, ഭാവിയിലെ വാഹന വിപണിയിലെ മിന്നുംതാരമാകാന്‍ പ്രമുഖ കമ്പനികളുടെ അണിയറയില്‍ ഒരുങ്ങുന്ന താരങ്ങള്‍ക്ക് മുന്നിലാണ് രണ്ടു വീലുകള്‍; പിന്നില്‍ ഒന്നും. പ്രമുഖ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ കമ്പനികളായ യമഹയും ഹോണ്ടയുമാണ് ട്രൈക്കുകള്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്.
യമഹയുടെ ട്രൈക്കായ ‘നൈക്കെന്‍’ കഴിഞ്ഞവര്‍ഷം ബ്രിട്ടീഷ് വിപണിയില്‍ എത്തിയിരുന്നു. പക്ഷേ, ഇന്ത്യന്‍ വിപണിയില്‍ നൈക്കെന്‍ ഇനിയും എത്തിയിട്ടില്ല. അതേസമയം, ഹോണ്ടയുടെ െ്രെടക്കായ ‘നിയോവിംഗ്’ കഴിഞ്ഞദിവസം യൂറോപ്പ്യന്‍ പേറ്റന്റ് ഓഫീസിന്റെ പേറ്റന്റ് നേടി. 2015ലെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് നിയോവിംഗിനെ ഹോണ്ട ആദ്യം പരിചയപ്പെടുത്തിയത്. 2016ല്‍ പേറ്റന്റിനായി അപേക്ഷിച്ചെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോഴാണത് ലഭിച്ചത്. യമഹ ചെയ്തതു പോലെ, യൂറോപ്പ്യന്‍ വിപണിയിലാകും ഹോണ്ടയും െ്രെടക്ക് ആദ്യമവതരിപ്പിക്കുക.
വൈകാതെ നിയോവിംഗിന്റെ ഉത്പാദനം ഹോണ്ട ആരംഭിച്ചേക്കുമെന്നാണ് സൂചന. ഹോണ്ടയുടെ ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ മോഡലായ ഗോള്‍ഡ്‌വിംഗിന്റെ അതേ 1,833 സി.സി എന്‍ജിനാകും നിയോവിംഗിലും ഇടംപിടിച്ചേക്കുക. 126 എച്ച്.പി കരുത്തും 170 എന്‍.എം ടോര്‍ക്കും ഉല്‍്പാദിപ്പിക്കുന്ന എന്‍ജിനാണിത്. നിയോവിംഗിന് ഇലക്ട്രിക് പതിപ്പും ഹോണ്ടയുടെ പരിഗണനയിലുണ്ട്. ഹോണ്ടയുടെ, വിഖ്യാതമായ തനത് ഷാര്‍പ്പ് രൂപകല്‍പനാ ശൈലിയിലാണ്, പൗരുഷഭാവം സമ്മാനിച്ച് നിയോവിംഗിനെ മനോഹരമായി രൂപപ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡ്‌വിംഗിനെ പോലെ, ടൂറിംഗ് ശ്രേണിയില്‍ തന്നെയാകും നിയോവിംഗിനെയും ഹോണ്ട അവതരിപ്പിച്ചേക്കുക. നിലവില്‍, വിപണിയിലുള്ള ട്രൈക്കായ യമഹയുടെ നൈക്കെന്‍ ഉള്‍ക്കൊള്ളുന്നത് 111.8 ബി.എച്ച.പി കരുത്തുള്ള, 847 സി.സി എന്‍ജിനാണ്. 13,499 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 12.20 ലക്ഷം രൂപ) നൈക്കെന് വില. നികുതിയും ഇറക്കുമതി ചുങ്കവും ഉള്‍പ്പെടാത്ത വിലയാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES