മഴയായി പെയ്തിറങ്ങിയ ബീഗം കവിതകള്‍

മഴയായി പെയ്തിറങ്ങിയ ബീഗം കവിതകള്‍

കെ.ജയചന്ദ്രന്‍-

ഇടുക്കിയില്‍ കവിതയുടെ പൂക്കാലമാണ്. വനിതാ എഴുത്തുകാര്‍ ധാരാളമായി സ്വയം തെളിയിച്ചു കൊണ്ട് മുന്‍നിരയിലേക്ക് കടന്നു വന്ന കാലം.

മിനി മീനാക്ഷി, ഷീലാ ലാല്‍, ഷേര്‍ളി തോമസ്, ഇന്ദിരാ രവീന്ദ്രന്‍, രതികാ തിലക്, സുനീനാ ഷെമീര്‍, ഇന്‍സാര്‍ ബീഗം ,ബിന്ദു പദ്മകുമാര്‍, ഗീത.സി.റ്റി… പട്ടിക ഇനിയും നീളും. ഈ കവികളുടെ നിരയിലെ ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ് ഹസീന ബീഗം തന്റെ ആദ്യസമാഹാരമായ ബീഗം കവിതകളിലൂടെ.

വാക്കുകള്‍ക്ക് പഞ്ഞമില്ലാത്ത ബിഗത്തിന് കവിതയെന്നാല്‍ മഴപോലെയാണ്.
ജീവിതവീക്ഷണം, പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരോടുള്ള അനുകമ്പ, വര്‍ത്തമാനകാലത്തിന്റെ നെറികേടുകളോടുള്ള പ്രതിഷേധം, വിദ്വേഷത്തിലും വിഭജന ശ്രമങ്ങളിലുമുള്ള ആശങ്ക, വാര്‍ദ്ധക്യത്തോടുള്ള കരുതല്‍, ഗൃഹാതുര സ്മരണകള്‍ എന്നിങ്ങനെ പൊതുവേ കവികളെ ഭ്രമിപ്പിക്കുന്ന വിഷയങ്ങള്‍ തന്നെയാണ് ബീഗം കവിതകളിലും നിറയുന്നത്.

കേവലം ആസ്വാദനത്തിനപ്പുറം കവിതക്ക് ചില സാമൂഹിക ദൗത്യങ്ങള്‍ കൂടി നിറവേറ്റാനുണ്ടെന്ന് ബോധ്യമുള്ള കവിയാണ് ഹസീന ബീഗം.
സാംസ്‌കാരിക രാഷ്ട്രീയം (Cultural politics) നന്നായി കൈകാര്യം ചെയ്യുന്ന ഈടുറ്റ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. മതില്‍ എന്ന കവിത ഇതിനുദാഹരണമാണ്.

‘എപ്പോഴാണ്
ഒരു പെട്ടിയിലടുക്കിയ
ചട്ടയും മുണ്ടും സെറ്റുമുണ്ടും
കുപ്പായവും
വലിച്ചെറിയപ്പെട്ടത് എന്ന ചോദ്യമുയര്‍ത്തുന്ന കവിത
‘ശാന്തിതന്‍
ധൂപം നിറയ്ക്കാന്‍
സ്‌നേഹത്തിന്‍
ധ്വജം പറക്കാന്‍
ഒറ്റമതമുള്ളുലകിലെന്ന്
പറഞ്ഞവരെ
ഒറ്റ വാക്കു കൊണ്ട്
പരിഹസിച്ചതാരാണ് എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്.

അടര്‍ന്നുവീണ മണ്ണും
അലറിയെത്തിയ വെള്ളവും
അല്‍പ്പനേരത്തേക്ക്
പ്രണയിച്ചപ്പോള്‍
അല്‍പ്പായുസായ
കുഞ്ഞു ചിരികള്‍
ആകാശത്തോളം കണ്ട
സ്വപ്‌നങ്ങള്‍
ഭൂമിക്ക് അടിയറ വച്ചു’ എന്ന് ‘പ്രണയിച്ചവര്‍’ എന്ന കവിത പറയുമ്പോള്‍ വായനക്കാര്‍ തിരിച്ചറിയുന്നത് മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും അവന്റെ കണക്കുകൂട്ടലുകളും പ്രതീക്ഷകളും ഏതു നിമിഷവും അട്ടിമറിക്കപ്പെടാവുന്നതാണെന്നുമാണ്.

ആല്‍ത്തറകള്‍ക്ക് പറയാനുള്ളത് എന്ന മനോഹരമായ ഒരു കവിതയുണ്ട്. നമ്മുടെയൊക്കെ മനസ്സിനെ പച്ച പിടിപ്പിച്ച ഒരു ബിംബമാണ് ആല്‍ത്തറ.
പ്രണയം, സൗഹൃദം, ആത്മീയത എന്നിവയോടെല്ലാം ചേര്‍ന്നതാണ് ആല്‍ത്തറകള്‍.
അതിവേഗം കടന്നു വന്ന നാഗരികതയും മറ്റു പലതും ചേര്‍ന്ന് പൊതു ഇടങ്ങള്‍ ഇല്ലാതാക്കിയതിന്റെ കാഴ്ച്ചയാണ് ഈ കവിത.

ഉള്‍ക്കനം, ഇഴപിരിഞ്ഞ ജീവിതങ്ങള്‍ എന്നീ കവിതകള്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും, അവഗണനയും ,നിസ്സഹായതയും അനാവരണം ചെയ്യുകയും വൃദ്ധരോട് ഐക്യപ്പെടുകയും ചെയ്യുന്നു. ‘അവള്‍ക്കായ്’ എന്ന കവിത എല്ലാ അര്‍ത്ഥത്തിലും ഒരു സ്ത്രീപക്ഷ രചനയാണ്.

‘കറുത്ത ചിന്തകള്‍
കാര്‍മേഘമായെത്തിയെങ്കിലും
പെയ്യാതെ പെയ്യുന്ന
മഴയായ് മാറിയവള്‍’ എന്ന് കവിതയവസാനിക്കുമ്പോള്‍ അത് സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറുന്നു.

തെരുക്കോലങ്ങള്‍ എന്ന കവിത തെരുവിലലിയുന്ന അനാഥബാല്യങ്ങളുടെ ജീവിതക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കും.

പുലരാന്‍ വെമ്പുന്ന പുലരിയോട് തിരക്കുകൂട്ടല്ലേയെന്നപേക്ഷിക്കുന്ന അടുക്കളയിലൊതുങ്ങിപ്പോയ സ്ത്രീ ജീവിതങ്ങളെ കാണിച്ചു തരുന്നുണ്ട്. ‘മായാജാലമായ്’ എന്ന കവിത. എല്ലാ പ്രഭാതങ്ങളിലും തന്റെ വീട്ടിലെ ശൂന്യ പാത്രങ്ങള്‍ നിറക്കുന്നതിനായി പല വീടുകള്‍ കയറിയിറങ്ങി ജോലി ചെയ്യുന്ന സ്ത്രീയെ ആവിഷ്‌ക്കരിക്കുന്ന കവിതയാണ് വേലക്കാരി.

ഈ കുറിപ്പില്‍ പരാമര്‍ശയോഗ്യമായ കവിതകള്‍ ഇനിയും ഈ സമാഹാരത്തിലുണ്ട്. ഇവിടെ അതിന് ശ്രമിക്കുന്നില്ല. ഗദ്യ ഭാഷയിലെഴുതിയതും വൃത്തഭംഗിയുള്ളതുമായ കവിതകളുണ്ട് ഈ സമാഹാരത്തില്‍. എല്ലാ കവിതകളിലും പദങ്ങളുടെ കാവ്യാത്മകമായ അടുക്കിവയ്ക്കല്‍ ദൃശ്യമാണ്. ഗൗരവമുള്ള വായന അര്‍ഹിക്കുന്നുണ്ട് ബീഗം കവിതകള്‍.

ഇടുക്കി ഏലപ്പാറ പഞ്ചായത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപികയാണ് ബീഗം. സാഹിത്യ പബ്ലിക്കേഷനാണ് പ്രസാധകര്‍. 100 രൂപയാണ് പുസ്തകത്തിന്റെ വില.

 

Post Your Comments Here ( Click here for malayalam )
Press Esc to close