സാമ്പത്തിക പ്രതിസന്ധി; ഹജ്ജ് ക്വാട്ട തികക്കാന്‍ അപേക്ഷകരില്ല

സാമ്പത്തിക പ്രതിസന്ധി; ഹജ്ജ് ക്വാട്ട തികക്കാന്‍ അപേക്ഷകരില്ല

ഫിദ-
കോഴിക്കോട്: ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കാനിരിക്കെ ക്വാട്ട തികക്കാന്‍ പോലും അപേക്ഷകരില്ല. ഹജ്ജ് നയത്തില്‍ വന്ന മാറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ് അപേക്ഷ കുറയാന്‍ കാരണം. കേരളത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷകര്‍ കുത്തനെ കുറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 1,25,000ത്തോളം പേരാണ് ഹജ്ജിന് പുറപ്പെടുക.
അഞ്ചാം വര്‍ഷ അപേക്ഷകരുടെ സംവരണം പിന്‍വലിച്ചതാണ് കുറയാന്‍ പ്രധാന കാരണമായി പറയുന്നത്. കൂടാതെ, സാമ്പത്തിക പ്രതിസന്ധിയും ബാധിച്ചതായി ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിക്കുന്നതോടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേരത്തെ ഓരോ തീര്‍ഥാടകനും അപേക്ഷിച്ചിരുന്നത്. അഞ്ചാം വര്‍ഷം പോകാമെന്ന ധാരണയില്‍ സാമ്പത്തികമായും മാനസികമായും ഒരുങ്ങാനും സാധിച്ചിരുന്നു. എന്നാല്‍, പുതിയ നയപ്രകാരം 2018 മുതല്‍ എല്ലാ അപേക്ഷകളും ഒന്നിച്ച് പരിഗണിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതിലേക്ക് മാറി.
കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് പ്രതീക്ഷിച്ച് നിരവധി പേര്‍ അപേക്ഷിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ പൂര്‍ണമായി പുതിയ അപേക്ഷകരാണുള്ളത്. അവസരം ലഭിച്ചാല്‍ ഹജ്ജിന് പോകാന്‍ സാമ്പത്തിക ഭദ്രതയുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ അപേക്ഷിക്കുന്നത്.
കേരളത്തില്‍ ബുധനാഴ്ച വരെ 24,078 അപേക്ഷ മാത്രമാണ് ലഭിച്ചത്. 776 പേര്‍ 70 വയസ്സിന് മുകളില്‍ യാത്ര ഉറപ്പിച്ചവരാണ്. 45 വയസ്സിന് മുകളിലുള്ള, മെഹ്‌റമില്ലാത്ത സ്ത്രീകളുടെ അപേക്ഷയില്‍ 936 ഉം ജനറലില്‍ 22,366 ഉം പേരുമാണുള്ളത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 69,783 അപേക്ഷകരാണുണ്ടായിരുന്നത്. 2017ല്‍ 95,238ഉം, 2016ല്‍ 76,417ഉം.
നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലുമായി ചൊവ്വാഴ്ച വരെ 1,10,000 അപേക്ഷ മാത്രമാണ് ലഭിച്ചത്. മുന്‍ വര്‍ഷം 3,55,604 അപേക്ഷ ലഭിച്ച സ്ഥാനത്താണ് ഈ കുറവ്. അപേക്ഷ കുറഞ്ഞതോടെ സമയപരിധി നീട്ടുന്നത് വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിഗണിച്ചേക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close