കായികോപകരണങ്ങള്‍ക്കും ജിഎസ്ടി പൊല്ലാപ്പായി

കായികോപകരണങ്ങള്‍ക്കും ജിഎസ്ടി പൊല്ലാപ്പായി

ഫിദ
കോഴിക്കോട്: ജി.എസ്.ടി കായികോപകരണങ്ങളുടെ വില കുത്തനെ കൂട്ടിയത് കായികതാരങ്ങളെ വലക്കുന്നു. അഞ്ചു ശതമാനമുണ്ടായിരുന്ന നികുതി ജി.എസ്.ടിയുടെ പിറവിക്കുശേഷം 28 ശതമാനം വരെ ഉയര്‍ന്നതോടെ കായികോപകരണങ്ങളുടെ വ്യാപാര മേഖലക്കും തിരിച്ചടിയായി. റഫറിമാരുടെ വിസില്‍ മുതല്‍ ഷൂട്ടിങ് താരങ്ങള്‍ക്കുള്ള അത്യാധുനിക തോക്ക് വരെ ജി.എസ്.ടിയില്‍ കുരുങ്ങിയിരിക്കുകയാണ്. സംഗീതോപകരണത്തില്‍പെടുത്തിയതോടെയാണ് വിസിലിന് 28 ശതമാനം നികുതി ചുമത്തുന്നത്. കായികോപകരണ പട്ടികയില്‍പെട്ട വിസിലിന് അഞ്ചു ശതമാനമായിരുന്നു നികുതി.
അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ് തുടങ്ങിയ ഇനങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ വിലയും കുതിച്ചുകയറി. ഷോട്ട്പുട്ട്, ജാവലിന്‍, ഹൈജംപ് ബാര്‍ എന്നിവക്കും 28 ശതമാനം നികുതിയാണ് വാങ്ങുന്നത്. ക്ലബുകള്‍, സ്‌കൂളുകള്‍, അത്‌ലറ്റിക്‌സ് അക്കാദമികള്‍ക്കും ഈ വിലക്കയറ്റം തിരിച്ചടിയായി. സ്‌പോര്‍ട്‌സ് ഷൂസ്, ബോക്‌സിംഗ് ഗ്ലൗസ്, നീന്തലിനുള്ള വസ്ത്രങ്ങളും മറ്റും, ജിംനാസ്റ്റിക്‌സിനുള്ള ഉപകരണങ്ങള്‍ എന്നിവക്കും തീവിലയായി. ക്രിക്കറ്റ് ബാറ്റിന് 12 ശതമാനം നികുതിയായി. ക്രിക്കറ്റ് പന്തിനും കാരംസ്, ചെസ് ബോര്‍ഡുകള്‍ക്കും 12 ശതമാനമാണ് ജി.എസ്.ടി. 500 രൂപയില്‍ കൂടുതലുള്ള ഷൂസിനും നികുതിഭാരം 12 ശതമാനമായി. ഷൂട്ടിങ് താരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പിസ്റ്റളിനും എയര്‍ റൈഫിളിനും 28 ശതമാനമാണ് നികുതി. ഇറക്കുമതി ചെയ്യുന്ന തോക്കുകള്‍ക്ക് നേരത്തേ സര്‍ക്കാര്‍ നികുതിയളവ് നല്‍കാറുണ്ടായിരുന്നു.
ഫിറ്റ്‌നസ് ഉപകരണങ്ങളെയും സ്‌പോര്‍ട്‌സ് സൈക്കിളിനെയും ജി.എസ്.ടി കുരുക്ക് ബാധിച്ചിട്ടുണ്ട്. ചില ആശയക്കുഴപ്പങ്ങളുള്ളതിനാല്‍ നിര്‍മാണ കമ്പനികളില്‍നിന്ന് സാധനങ്ങള്‍ കടകളിലേക്ക് കാര്യമായി എത്തുന്നുമില്ല. ടിക്കറ്റുകള്‍ക്ക് നികുതി 18 ശതമാനമാക്കിയതോടെ അണ്ടര്‍17 ലോകകപ്പ്, ഐ.എസ്.എല്‍, ഐ.പി.എല്‍ തുടങ്ങിയ സുപ്രധാന മത്സരങ്ങള്‍ കാണുന്നതിനും ചെലവ് കൂടും. 250 രൂപയില്‍ കുറഞ്ഞ ടിക്കറ്റുകള്‍ക്ക് നികുതി ഈടാക്കുന്നില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close