ജിഎസ്ടി; വിപണിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം

ജിഎസ്ടി; വിപണിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം

 

സ്വന്തം ലേഖകന്‍
കൊച്ചി: ജി.എസ്.ടി നിലവില്‍വന്നതോടെ വിപണിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം. ജി.എസ്.ടി വരുമ്പോള്‍ മരുന്നുകള്‍ക്ക് ആറുമുതല്‍ 13 ശതമാനംവരെ വിലക്കുറവുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അപ്രതീക്ഷിതമായ മരുന്നുക്ഷാമം രോഗികളെ ദുരിതത്തിലാക്കി.
ഇതോടെ ജീവന്‍രക്ഷ ഔഷധങ്ങളുള്‍പ്പെടെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ആവശ്യത്തിന് മരുന്നുകള്‍ കിട്ടുന്നില്ലെന്നാണ് വ്യാപക പരാതി. പല സുപ്രധാന മരുന്നുകളും മെഡിക്കല്‍ ഷോപ്പുകളില്‍ കിട്ടാനില്ലെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്. വാക്‌സിനുകള്‍, ഇന്‍സുലിന്‍, ഹൃദ്‌രോഗത്തിനും അര്‍ബുദത്തിനുമുള്ള ചില ഇനം മരുന്നുകള്‍, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കും, പ്രമേഹം, രക്തസമ്മര്‍ദം എന്നിവക്കുള്ള ചില മരുന്നുകള്‍ തുടങ്ങിയവക്കാണ് ഒരാഴ്ചയോളമായി ക്ഷാമംനേരിടുന്നത്. ഇക്കാര്യം ചില മെഡിക്കല്‍ ഷോപ്പുകാരും സമ്മതിക്കുന്നു. സ്‌റ്റോക്ക് തീര്‍ന്നശേഷം മരുന്നുകള്‍ എത്തിയില്ലെന്നാണ് അവര്‍ പറയുന്നത്. ജി.എസ്.ടി വരുമ്പോള്‍ മരുന്നിന്റെ വിലകുറയുമെന്നതിനാല്‍ അധിക സ്‌റ്റോക്ക് സൂക്ഷിക്കണ്ട എന്ന ധാരണയില്‍ മെഡിക്കല്‍ ഷോപ്പുകാര്‍ മനഃപൂര്‍വം സ്‌റ്റോക്ക് കുറച്ചതാണ് കാരണമെന്നാണ് എ.കെ.സി.ഡി.എയുടെ വിശദീകരണം. നഷ്ടം തങ്ങള്‍ സഹിക്കേണ്ടിവരും എന്നുകരുതി പല മെഡിക്കല്‍ ഷോപ്പുകാരും രണ്ടാഴ്ചമുമ്പേ സ്‌റ്റോക്ക് കുറച്ചു. ചെറുകിയ കച്ചവടക്കാര്‍ 60 ശതമാനത്തിലേറെ സ്‌റ്റോക്ക് കുറച്ചിട്ടുണ്ട്.
പുതിയ എം.ആര്‍.പി രേഖപ്പെടുത്തിയ മരുന്നുകള്‍ ഇതുവരെ വിപണിയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കൂടിയനികുതി നല്‍കി വാങ്ങിയ മരുന്നുകള്‍ കമ്പനികള്‍ തിരികെ എടുക്കാത്തതിനാല്‍ പുതിയ സ്‌റ്റോക്കെടുക്കാന്‍ വ്യാപാരികള്‍ മടിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതത്രെ.

Post Your Comments Here ( Click here for malayalam )
Press Esc to close