ജിഎസ്ടി; ആശങ്കകള്‍ ഒഴിയാതെ വ്യാപാരികള്‍

ജിഎസ്ടി; ആശങ്കകള്‍ ഒഴിയാതെ വ്യാപാരികള്‍

ഗായത്രി
കൊച്ചി: ജൂലൈയിലെ ചരക്കുസേവന നികുതി (ജി.എസ്.ടി) സര്‍ക്കാറിലേക്ക് അടക്കാന്‍ മൂന്നുദിവസം മാത്രം അവശേഷിക്കുമ്പേഴും ആശങ്കകള്‍ ഒഴിയാത്തത് വ്യാപാരികളെ കുഴക്കുന്നു. നികുതി ഘടനയും മറ്റും സംബന്ധിച്ച പരാതികളായിരുന്നു നേരത്തേ ഉണ്ടായിരുന്നതെങ്കില്‍ നികുതി അടക്കുന്നത് സംബന്ധിച്ച് സൈറ്റിലേയും മറ്റും സാങ്കേതിക പ്രശ്‌നമാണ് ചില വ്യാപാരികള്‍ക്ക് വിനയാകുന്നത്. സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്ന ഔട്ട്പുട്ട് ടാക്‌സില്‍നിന്ന് എലിജിബ്ള്‍ ടാക്‌സ് ഇന്‍പുട്ട് കുറച്ചുകാണിക്കുന്നില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതോടെ ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ തങ്ങളുടെ പാസ്‌വേഡ് ഉപയോഗിച്ച് സൈറ്റില്‍ കയറി ആര്‍ 3ബി ഫോറത്തില്‍ മൊത്തം നികുതിയായി പിരിച്ച തുക ഔട്ട് പുട്ട് ടാക്‌സ് കോളത്തിലും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയപ്പോഴും മറ്റും നികുതിയായി അടച്ച തുക ഇതില്‍നിന്ന് കുറക്കുന്നതിന് എലിജിബ്ള്‍ ഇന്‍പുട്ട് ടാക്‌സ് കോളത്തിലും രേഖപ്പെടുത്തി. ഇതോടെ പേമെന്റ് ഓഫ് ടാക്‌സ് കോളത്തില്‍ പ്രസ്തുത വ്യാപാരി അടക്കേണ്ട നികുതി തുക കാണിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍, ചില വ്യാപാരികള്‍ക്ക് പേമെന്റ് ഓഫ് ടാക്‌സ് കോളത്തില്‍ വ്യാപാരികള്‍ ആകെ പിരിച്ച് ഔട്ട് പുട്ട് ടാക്‌സ് കോളത്തില്‍ രേഖപ്പെടുത്തിയ തുക തന്നെയാണ് വരുന്നത്. ഇതോടെ വ്യാപാരികള്‍ സബ്മിറ്റ് ചെയ്യാതെ പിന്‍വലിയുകയാണ്. സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ ഇത്രയും തുക നികുതി കൊടുക്കേണ്ടിവരുമോ എന്നതാണ് പലരുടെയും ആശങ്ക.
ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ അവ്യക്തതകളും സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നങ്ങളും പൂര്‍ണമായി പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യ രണ്ട് ഫോറവും പൂരിപ്പിച്ച് നല്‍കുന്നതിന് സെപ്റ്റംബര്‍ അഞ്ചുവരെ സമയം അനുവദിക്കുകയായിരുന്നു. മാത്രമല്ല, ജി.എസ്.ടി ആര്‍ 3ബി ഫോറം പൂരിപ്പിച്ച് ആഗസ്റ്റ് 20നകം ജൂലൈമാസത്തെ നികുതി അടക്കാനും നിര്‍ദേശം വന്നു.
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോഴും മറ്റും നല്‍കിയ നികുതി കുറച്ചുകിട്ടാത്ത സ്ഥിതി വന്നാല്‍ ജി.എസ്.ടി നിരക്കിനേക്കാള്‍ ഇരട്ടിയോളം നികുതി അടക്കേണ്ടിവരുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close