ജിഎസ്ടി ഇളവ് അട്ടിമറിച്ച് കൊള്ള

ജിഎസ്ടി ഇളവ് അട്ടിമറിച്ച് കൊള്ള

ഗായത്രി
കൊച്ചി: ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഉല്‍പാദകരും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുന്നു. ഇരുനൂറോളം ഉല്‍പന്നങ്ങളുടെ നികുതി കുറച്ചതു മൂലം ഇവയുടെ വില കുറയേണ്ടതാണെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടല്ല. അവശ്യമരുന്നുകളുടെ നികുതി ഇളവും വ്യാപാരികള്‍ പ്രാബല്യത്തിലാക്കിയിട്ടില്ല. ഇതില്‍ വ്യക്തമായ പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നൂറിലധികം സാധനങ്ങളുടെ ജി.എസ്.ടിയാണ് 28ല്‍നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചത്.
മറ്റു നിരവധി ഉല്‍പന്നങ്ങള്‍ക്ക് ആറു മുതല്‍ 23 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിരുന്നു. അഞ്ചും മൂന്നും ശതമാനം നികുതിയുണ്ടായിരുന്ന ചില ഇനങ്ങള്‍ പൂര്‍ണമായി നികുതിമുക്തമാക്കുകയുമുണ്ടായി. എന്നാല്‍, ഉല്‍പാദകര്‍ നല്‍കിയ പുതിയ വിലവിവരപ്പട്ടിക കണ്ടപ്പോഴാണ് വില കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികള്‍ മനസ്സിലാക്കിയത്. അടിസ്ഥാന വില കൂട്ടി പഴയ നിരക്കിലേക്ക് തന്നെ എത്തിക്കുകയായിരുന്നു.
28 ല്‍നിന്നും 18 ശതമാനത്തിലേക്ക് കുറച്ച സൗന്ദര്യവര്‍ധക വസ്തു വിഭാഗത്തില്‍പെട്ട ഒരിനം സോപ്പിന് ഇപ്പോഴും 28 ശതമാനമാണ് നികുതി. 78.62 രൂപ അടിസ്ഥാന വിലയുള്ള ഈ ഉല്‍പന്നത്തിന് 28 ശതമാനം ജി.എസ്.ടിയോടെ 97.62 രൂപയാണ് ഈടാക്കിയത്. 125. 80 രൂപയാണ് എം.ആര്‍.പി. അഞ്ചു ശതമാനം മാത്രം നികുതി ഈടാക്കേണ്ട ആസ്ത്മക്ക് ഉപയോഗിക്കുന്ന മരുന്നിന് ഇപ്പോഴും 12 ശതമാനം നികുതിയാണ് വാങ്ങുന്നത്. ഈ മരുന്നിന് വ്യാപാരികളില്‍നിന്ന് 12.50 രൂപയാണ് ഉല്‍പാദകര്‍ ഈടാക്കുന്നത്. ഇതിന്റെ അടിസ്ഥാന വില 11.50 രൂപയും എം.ആര്‍.പി 15.33 രൂപയുമാണ്. അടിസ്ഥാന വില ഉയര്‍ത്തി പഴയ വിലയില്‍ തന്നെ വില്‍ക്കുന്നതില്‍ പ്രധാനം ഹോട്ടല്‍ ഭക്ഷണമാണ്. നികുതി 18ല്‍നിന്ന് അഞ്ചു ശതമാനമാക്കിയെങ്കിലും നിരവധി ഹോട്ടലുടമകള്‍ നികുതിയിളവ് അട്ടിമറിക്കുകയാണ്.
മീന്‍ കറി ഉള്‍പ്പെടെ ഊണിന് 100 രൂപയും 18 ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 118 രൂപ വാങ്ങിയിരുന്ന ഹോട്ടലുകള്‍ നികുതി കുറച്ചിട്ടും അതേ വില തന്നെയാണ് ഈടാക്കുന്നത്. അടിസ്ഥാന വില 115 രൂപയാക്കിയാണ് ഈ തട്ടിപ്പ്.

Post Your Comments Here ( Click here for malayalam )
Press Esc to close