തദ്ദേശസ്ഥാപനങ്ങളുടെ ഇടപാടുകള്‍ക്ക് ഇനി ജിഎസ്ടി വേണം

തദ്ദേശസ്ഥാപനങ്ങളുടെ ഇടപാടുകള്‍ക്ക് ഇനി ജിഎസ്ടി വേണം

ഗായത്രി
തിരു: തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന മുഴുവന്‍ വില്‍പന, വാങ്ങലുകള്‍ക്കും ജി.എസ്.ടി ബാധകം. പഴയ വാഹനങ്ങളും ഫര്‍ണിചറുകളും ലേലംചെയ്യല്‍ നടപടി മുതല്‍ മരാമത്ത് പ്രവൃത്തി വരെയുള്ള മുഴുവന്‍ ഇടപാടുകള്‍ക്കുമാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയത്. തദ്ദേശസ്ഥാപനങ്ങളും സെക്രട്ടറിയുടെ പേരില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടി ഉടന്‍ മേലധികാരികളെ അറിയിക്കണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതുപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ വില്‍പനകള്‍, വാങ്ങലുകള്‍, നെറ്റ് പേയ്മന്റെ്‌സ് എന്നിവ നിശ്ചിത ഫോറത്തില്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ഫയല്‍ ചെയ്യണം. ഇതിനായി ഒരുദ്യോഗസ്ഥന്റെയോ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമാനമായ വിദഗ്ധന്റെയോ സേവനം സ്വീകരിക്കാം. ടെന്‍ഡര്‍ ഫോറത്തിന് 12 ശതമാനം ജി.എസ്.ടി ഉള്‍പ്പെടുത്തിയ തുക ഫോറത്തിനൊപ്പം ഈടാക്കണം. പഴയ വാഹനം, ഫര്‍ണിചര്‍ തുടങ്ങിയവ ലേലംചെയ്യുമ്പോള്‍ ജി.എസ്.ടി തുക ലേലം കൊണ്ട വ്യക്തിയില്‍നിന്ന് ഈടാക്കണം. മരാമത്ത് പ്രവൃത്തിക്കുള്ള സെക്യൂരിറ്റി നിക്ഷേപത്തിന് ജി.എസ്.ടിയില്ല. എന്നാല്‍, പ്രവൃത്തിയില്‍ വീഴ്ചവരുത്തിയാല്‍ നികുതി അടക്കണം.
ജൂലൈ ഒന്നിനുശേഷം പൂര്‍ത്തിയാക്കുന്ന പ്രവൃത്തിയുടെ ബില്ലുകള്‍ നല്‍കുമ്പോള്‍ രണ്ടുശതമാനം ജി.എസ്.ടി കിഴിവ് വരുത്തണം. ഈതുക സെക്രട്ടറിമാര്‍ അഞ്ചുദിവസത്തിനകം ഇപേയ്മന്റൊയി അടക്കണം. വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് പിഴ ഈടാക്കും. തദ്ദേശസ്ഥാപനങ്ങള്‍ വാടകക്ക് നല്‍കുന്ന ഓഡിറ്റോറിയം, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവക്കും ജി.എസ്.ടി ബാധകമാക്കി. മരാമത്ത് പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരും ഏജന്‍സികളും സഹകരണ സൊസൈറ്റികളും ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തണം. ടെന്‍ഡറിനൊപ്പം ഇത് ഹാജരാക്കുകയും വേണം.

Post Your Comments Here ( Click here for malayalam )
Press Esc to close