കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി കുറക്കും; മോദി

കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചരക്ക് സേവന നികുതി കുറക്കും; മോദി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ പുത്തന്‍ നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നിലവില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇപ്പോള്‍ ഈടാക്കുന്ന നികുതി നിരക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്‌ട്രോണിക് ഉപകരണങ്ങളായ എസി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം എന്നിവയുടെ നിരക്ക് കുറച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഒരുങ്ങുന്നത്. ഇവയടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ നികുതി നിരക്ക് 28 ശതമാനമാണ്. നികുതി 18 ശതമാനമോ അതില്‍ താഴെയോ ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. ഡിസംബര്‍ 22 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഭാരം കുറക്കാനുളള സാധ്യത ഇതോടെ വര്‍ദ്ധിച്ചു. വാട്ടര്‍ ഹീറ്റര്‍, പെയിന്റുകള്‍, പെര്‍ഫ്യൂമുകള്‍, ട്രാക്ടറുകള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, വാക്വം ക്ലീനറുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, ഷേവറുകള്‍, സിമന്റ്, പുട്ടി, വാര്‍ണിഷ്, മാര്‍ബിള്‍ തുടങ്ങിയവയ്ക്കും വിലകുറയുമെന്നാണ് വിവരം. പരമാവധി ഉതപന്നങ്ങളെ ഭാവിയില്‍ 15 ശതമാനം നികുതി നിരക്കില്‍ എത്തിക്കുമെന്നാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നത്. സ്വകാര്യ വിമാനങ്ങള്‍, ആഡംബര വാഹനങ്ങള്‍, ഉല്ലാസ നൗകകള്‍, സിഗരറ്റ്, പാന്മസാല, പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവക്ക് നിലവിലുള്ള 28 ശതമാനം തുടരും.

Post Your Comments Here ( Click here for malayalam )
Press Esc to close