ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ പുതിയ ആപ്പുമായി ഗൂഗിള്‍

ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ പുതിയ ആപ്പുമായി ഗൂഗിള്‍

 

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ പുതിയ പദ്ധതികളുമായി ഗൂഗിള്‍ രംഗത്ത്. ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ക്കായി തേസ് എന്ന പേരില്‍ അപ്പ് കമ്പനി പുറത്തിറക്കി. വേഗതയുള്ളത് എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ തേസ് എന്ന പേരാണ് ആപ്പിനായി ഗുഗിള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ യു.പി.ഐ അടിസ്ഥാനപ്പെടുത്തിയാവും ഈ ആപ്പ് പ്രവര്‍ത്തിക്കുക. ഏത് ബാങ്ക് അക്കൗണ്ടിലുമുള്ള പണവും ആപ്പിലേക്ക് മാറ്റാനും അവിടെ നിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയക്കാനും കഴിയും. നിലവില്‍ പേടിഎം പോലുള്ള വിവിധ ആപ്ലിക്കേഷനുകളും വിവിധ ബാങ്കുകളുടെ ഇവാലറ്റുകളും ഈ സേവനം നല്‍കുന്നുണ്ട്. ഇതിനിടയിലേക്കാണ് ഗുഗിള്‍ തേസ് കടന്നുവരുന്നത്. പേടിഎം, മൊബിക്വിക്ക് തുടങ്ങിയ വാലറ്റുകളുമായി സഹകരിച്ച് ഇവയിലൂടയുള്ള സേവനം കൂടി നല്‍കുന്ന തരത്തിലായിരിക്കും തേസ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.
സ്മാര്‍ട്‌ഫോണ്‍ പണമിടപാടുകള്‍ക്കായുള്ള യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേയ്‌സ് സംവിധാനം വഴി രാജ്യത്തെ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് തേസ്.
ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് തേസില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘കാഷ് മോഡ്’ എന്നാണ് ഈ ഫീച്ചറിന് പേര്. അതായത് പണം കൈമാറുന്നതിനായുള്ള രണ്ട് ഡിവൈസുകളെ തിരിച്ചറിയുന്നതും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഫോണുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചാണ്. അള്‍ട്രാസോണിക് ശബ്ദവീചികളായതിനാല്‍ അത് മനുഷ്യന് കേള്‍ക്കാനാവില്ല. അതായത് പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് ഫോണ്‍നമ്പര്‍ പോലുള്ള വിവരങ്ങളൊന്നും കൈമാറേണ്ടതില്ല.
മൈക്കും സ്പീക്കറുമുള്ള ഏത് ഫോണിലും കാഷ് മോഡ് പ്രവര്‍ത്തിക്കും. അതിനായി എന്‍എഫ്‌സി ചിപ്പ് പോലുള്ള പ്രത്യേകം സാങ്കേതിക വിദ്യയുടെയൊന്നും ആവശ്യമില്ല. അള്‍ട്രാസോണിക് ശബ്ദത്തിലൂടെ വിവരങ്ങള്‍ കൈമാറുന്ന ചിര്‍പ് എന്ന സാങ്കേതിക വിദ്യക്ക് സമാനമാണ് ഗൂഗിളിന്റെ ഓഡിയോ ക്യുആര്‍ സംവിധാനവും. ‘ആന്‍ഡ്രോയിഡ് പേ’ എന്ന മൊബൈല്‍ വാലറ്റ് സംവിധാനത്തില്‍ നിന്നും ഒരു പടി മുന്നിലേക്ക് കടന്നുള്ള ആശയമാണ് ഗൂഗിള്‍ തേസ്. കാരണം ഇന്ത്യയിലെ ബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ ഈ ആപ്പിന് സാധിക്കും. തേസ് ആപ്പിന്റെ ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളാണ് ഗൂഗിള്‍ പുറത്തിറക്കിയത്. യുപിഐ വഴി രാജ്യത്തെ 55 ബാങ്കുകളില്‍ നിന്നുള്ള അക്കൗണ്ടുകളെ ഇതുമായി ബന്ധിപ്പിക്കാം.

Post Your Comments Here ( Click here for malayalam )
Press Esc to close