ക്ലൗഡ് സേവനം മുന്‍നിര്‍ത്തി ഗൂഗിള്‍ ജീവനക്കാരെ വര്‍ധിപ്പിക്കുന്നു

ക്ലൗഡ് സേവനം മുന്‍നിര്‍ത്തി ഗൂഗിള്‍ ജീവനക്കാരെ വര്‍ധിപ്പിക്കുന്നു

 

ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച മുന്നില്‍ കണ്ട് ഗൂഗിള്‍ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു. എത്ര ജീവനക്കാരെ നിയമിക്കും എന്ന കാര്യത്തില്‍ കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നിരവധിയാളുകള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗൂഗിളിന്റെ എക്കാലത്തെയും എതിരാളികളായ ആമസോണും മൈക്രോസോഫ്റ്റും ക്ലൗഡ് ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ് കമ്പനിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍. നിലവില്‍ രാജ്യത്തെ ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച 38 ശതമാനമാണ്. വളര്‍ച്ചയുടെ തോത് ഇനിയും കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഗൂഗില്‍ നടത്താനിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഒറ്റത്തവണ റിക്രൂട്ട്‌മെന്റ് ആയിരിക്കില്ല. കമ്പനി ഈ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുമ്പോള്‍ നിയമനം വീണ്ടും ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം ഇന്‍ഫ്രാസ്ട്രക്ചറിനായി 30 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പ്രധാന എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവര്‍ക്ക് ഇന്ത്യയില്‍ പബ്ലിക് ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ സ്വന്തമായുള്ള സാഹചര്യത്തിലാണ് ഗൂഗിളും മുന്നോട്ട് വന്നിരിക്കുന്നത്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തിലാണ്. ഇന്റര്‍നെറ്റിന്റെ നിരക്ക് കുറയുന്നതും കോര്‍പ്പറേറ്റ് മേഖലയുടെ കുതിപ്പും മുന്‍കൂട്ടി കണ്ടാണ് ക്ലൗഡ് സേവന മേഖലയ്ക്കായി ഗൂഗിള്‍ ഇന്ത്യയെ ലക്ഷ്യം വച്ചിരിക്കുന്നത്. ക്ലൗഡ് മേഖല തുറക്കുന്നതിനു മാത്രമല്ല, വില്‍പ്പന, വിപണനം, കസ്റ്റമര്‍ എന്‍ജിനീയറിംഗ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവയിലും ഗൂഗിള്‍ നിക്ഷേപം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിലും ഭാവിയില്‍ ജോലി സാധ്യത കൂടും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES