ചരക്കുനീക്കത്തില്‍ കൊച്ചി തുറമുഖത്തിന് റെക്കോഡ് മുന്നേറ്റം

ചരക്കുനീക്കത്തില്‍ കൊച്ചി തുറമുഖത്തിന് റെക്കോഡ് മുന്നേറ്റം

ഗായത്രി-
കൊച്ചി: ചരക്കുനീക്കത്തില്‍ റെക്കാഡ് തിരുത്തിക്കുറിച്ച് കൊച്ചി തുറമുഖത്തിന്റെ മുന്നേറ്റം. കഴിഞ്ഞമാസം 2.95 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് കൊച്ചി വഴി കടന്നുപോയി. തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ കുറിച്ച 2.857 മില്യണ്‍ മെട്രിക് ടണ്ണിന്റെ റെക്കാഡാണ് പഴങ്കഥയായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്ത മൊത്തം ചരക്കുനീക്കത്തെ മറികടക്കുന്ന പ്രകടനം, നടപ്പുവര്‍ഷം ഒരുമാസം ശേഷിക്കേ തന്നെ കൊച്ചി തുറമുഖം കാഴ്ചവച്ചിട്ടുണ്ട്.
201718ല്‍ മൊത്തം ചരക്കുനീക്കം 16.5 ശതമാനം വര്‍ദ്ധനയോടെ 23.138 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു. ഈമാസം രണ്ടിന് തന്നെ ഈ നേട്ടം മറികടക്കപ്പെട്ടു. ആകെ 5.55 ലക്ഷം ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളും കഴിഞ്ഞവര്‍ഷം കൊച്ചി കൈകാര്യം ചെയ്തിരുന്നു. 13 ശതമാനമായിരുന്നു വര്‍ദ്ധന. നടപ്പുവര്‍ഷം ഏപ്രില്‍ഫെബ്രുവരി കാലയളവില്‍ 5.37 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൊച്ചി കൈകാര്യം ചെയ്തിട്ടുണ്ട്. 6.9 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞവര്‍ഷത്തെ റെക്കാഡ് ഇക്കുറി മറികടക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, മാര്‍ച്ച് മാസം കൂടി ശേഷിക്കേ, മൊത്തം ആറുലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയാണ് കൊച്ചി തുറമുഖ ട്രസ്റ്ര് ട്രാഫിക് വിഭാഗം അധികൃതര്‍ ‘കേരളകൗമുദി’യോട് പറഞ്ഞു.
ഏപ്രില്‍ഫെബ്രുവരിയില്‍ കൊച്ചി മൊത്തം കൈകാര്യം ചെയ്ത 29.10 മില്യണ്‍ മെട്രിക് ടണ്‍ ചരക്കില്‍ 19.41 മില്യണ്‍ മെട്രിക് ടണ്ണും പെട്രോളിയം ഉത്പന്നങ്ങളാണ് (പി.ഒ.എല്‍). 13.6 ശതമാനമാണ് വര്‍ദ്ധന. എറണാകുളം അമ്പലമേടില്‍ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിയിലെ വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി) പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായതാണ് ചരക്കുനീക്കത്തില്‍ കൊച്ചിയുടെ മുന്നേറ്റത്തിന് കരുത്താകുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി തുറമുഖം കൈകാര്യം ചെയ്ത മൊത്തം ചരക്കുനീക്കം 29.138 മില്യണ്‍ മെട്രിക് ടണ്‍ (എം.എം.ടി). നടപ്പുവര്‍ഷം മാര്‍ച്ച് രണ്ടോടെ ഈ റെക്കാഡ് കൊച്ചി തുറമുഖം തിരുത്തിയെഴുതി.
കൊച്ചിയിലെത്തുന്ന ആഡംബര കപ്പലുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും തുറമുഖ ട്രസ്റ്രിന് നേട്ടമാകുന്നുണ്ട്. കഴിഞ്ഞസാമ്പത്തിക വര്‍ഷം 42 കപ്പലുകളിലായി 47,000 സഞ്ചാരികള്‍ കൊച്ചിയിലെത്തി. ഈവര്‍ഷം പ്രതീക്ഷിക്കുന്നത് 50 ആഡംബര കപ്പലുകളാണ്. 50,000നുമേല്‍ സഞ്ചാരികളെയും പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം എട്ട് ക്രൂസ് വെസലുകള്‍ എത്തിയിരുന്നു.
ഓരോ ക്രൂസ് ഷിപ്പ് കൊച്ചിയില്‍ എത്തുമ്പോഴും തുറമുഖ ട്രസ്റ്രിന് ഫീസിനത്തില്‍ 30 ലക്ഷം രൂപ കിട്ടുമായിരുന്നു. കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കാനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഫീസ് 15 ലക്ഷം രൂപയായി കുറച്ചു.
കൊച്ചി തുറമുഖ ട്രസ്റ്രിന്റെ, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്രൂസ് ടെര്‍മിനല്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. 2020ല്‍ ടെര്‍മിനല്‍ സജ്ജമാകും. 25.72 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ടെര്‍മിനല്‍ സജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം കുറഞ്ഞത് 60 ആഡംബര കപ്പലുകളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.