നിന്നെ തൊട്ടാല്‍ പൊള്ളും പൊന്നേ…!

നിന്നെ തൊട്ടാല്‍ പൊള്ളും പൊന്നേ…!

ഫിദ-
കൊച്ചി: 120 രൂപ കൂടി ഉയര്‍ന്നാല്‍ പവന്‍വില 25,000 രൂപ എന്ന നാഴികക്കല്ലിലെത്തും. സംസ്ഥാനത്ത് ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയും സചീവമായി. പ്രളയം മൂലം മാറ്റിവച്ച വിവാഹങ്ങള്‍ പലതും ഇപ്പോള്‍ നടക്കുന്നുണ്ട്. വിവാഹപ്പാര്‍ട്ടികളില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടിയതോടെ വിപണിയില്‍ ഉണര്‍വ് ദൃശ്യമാണ്. എന്നാല്‍, അത്യാവശ്യക്കാരല്ലാത്തവര്‍ വില ഉയര്‍ന്നതോടെ വിപണിയില്‍നിന്ന് മാറി നില്‍ക്കുന്ന പ്രവണതയുമുണ്ട്. പക്ഷേ, വില ഇനിയും ഉയരുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനക്കപ്പുറം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കുന്നത്. ലണ്ടന്‍ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,315 ഡോളറിലെത്തി. എന്നാലിത്, 2011ല്‍ രേഖപ്പെടുത്തിയ 1,895 ഡോളര്‍ എന്ന റെക്കോഡിനെക്കാള്‍ ഏറെ താഴെയാണ്. പക്ഷേ, ഡോളറിന്റെ മൂല്യമാകട്ടെ, 71.80 രൂപയിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കൂടും. ഇതാണ് ആഭ്യന്തര വിപണിയില്‍ വില റെക്കോഡ് ഇടാന്‍ കാരണം. ഗ്രാമിന് 3,110 രൂപയായാണ് സ്വര്‍ണവില തിങ്കളാഴ്ച ഉയര്‍ന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കം നിലനില്‍ക്കുന്നതും ഓഹരി വിപണികളിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ്് ഉണ്ടാകാറുണ്ട്.
ഈ വര്‍ഷം ഇതിനോടകം 1,440 രൂപയുടെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്. 2018 ഡിസംബര്‍ 31ന് 23,440 രൂപയായിരുന്നു പവന്‍വില.

Post Your Comments Here ( Click here for malayalam )
Press Esc to close