റെയില്‍വെ ടിക്കറ്റുകളിലെ സബ്‌സിഡി ഉപേക്ഷിക്കാന്‍ കേന്ദ്ര നീക്കം

റെയില്‍വെ ടിക്കറ്റുകളിലെ സബ്‌സിഡി ഉപേക്ഷിക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുള്ള കേന്ദ്രസര്‍ക്കാരിന്റെ കാംപയിന്‍ വിജയത്തിനു പിന്നാലെ റെയില്‍വെ ടിക്കറ്റുകളിലെ സബ്‌സിഡി ഉപേക്ഷിക്കാനുള്ള പുതിയ കാംപയിനിന് കേന്ദ്ര നീക്കം. പദ്ധതി അടുത്ത മാസം തുടങ്ങും. 50 ശതമാനം, 100 ശതമാനം സബ്‌സിഡിയുള്ളവര്‍ അത് ഉപേക്ഷിക്കണമെന്നാണ് റെയില്‍വെയുടെ ആഹ്വാനം. പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയുടെ വാര്‍ഷിക ചെലവില്‍ 43 ശതമാനവും ഇത്തരം സബ്‌സിഡികള്‍ക്കുവേണ്ടിയാണ് ചെലവാകുന്നത്. അതായത് ഓരോ വര്‍ഷവും 30,000 കോടി രൂപ സബ്‌സിഡി നല്കാന്‍വേണ്ടി മാത്രം റെയില്‍വേക്കു ചെലവാകുന്നു.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലും കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലും സബ്‌സിഡി ഉപേക്ഷിക്കാനുള്ള സൗകര്യം റെയില്‍വെ ഒരുക്കും. കൂടാതെ സബ്‌സിഡി നല്‍കുമ്പോള്‍ റെയില്‍വേക്ക് ഉണ്ടാകുന്ന ബാധ്യത യാത്രക്കാരെ അറിയിക്കാന്‍ ‘വാര്‍ഷിക ചെലവിന്റെ 57 ശതമാനം മാത്രമേ ഇന്ത്യന്‍ റെയില്‍വെക്കു തിരിച്ചുപിടിക്കാന്‍ സാധിക്കുന്നുള്ളൂ’ എന്ന് കംപ്യൂട്ടറൈസ്ഡ് ടിക്കറ്റില്‍ അച്ചടിക്കാനും തീരുമാനമുണ്ട്. സബര്‍ബന്‍ ട്രെയിനുകളില്‍ നിന്നാണ് റെയില്‍വെയ്ക്ക് എറ്റവുമധികം വരുമാനനഷ്ടമുണ്ടാകുന്നത്. സബ്‌സിഡി കഴിഞ്ഞ് സബര്‍ബന്‍ യാത്രക്കാര്‍ 36 ശതമാനം തുക മാത്രമേ ടിക്കറ്റ് നിരക്കായി നല്‍കുന്നുള്ളൂ.

Post Your Comments Here ( Click here for malayalam )
Press Esc to close