നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു

നടന്‍ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു

ഫിദ-
ആലപ്പുഴ: പ്രമുഖ സിനിമ-നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീഥാ സലാം(73) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു അന്ത്യം. കൊല്ലം ഓച്ചിറ സ്വദേശിയാണ്. നാടക നടനായാണ് അബ്ദുള്‍ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും സജീവമായിരുന്നു. ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, മാമ്പഴക്കാലം, എന്റെ വീട് അപ്പുന്റേം, കൊച്ചിരാജാവ്, ജലോത്സവം, വെള്ളിമൂങ്ങ, റോമന്‍സ്, തിങ്കള്‍ മുതല്‍ വെള്ളി വരെ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ എണ്‍പതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരനായിരുന്ന സലാം നാടകരംഗത്ത് സജീവമാകാന്‍ ജോലി രാജിവെക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയ്യറ്റേഴ്‌സില്‍ അഞ്ചു വര്‍ഷം അഭിനയിച്ചു. ഇതുവഴിയാണ് ഗീഥാ സലാം എന്ന പേര് ലഭിച്ചത്. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ അഭിമാനം എന്ന നാടകയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും 2010ല്‍ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: റഹ്മാബീവി. മക്കള്‍: ഹഹീര്‍, ഷാന്‍. കബറടക്കം വ്യാഴാഴ്ച്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബറിസ്ഥാനില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close