ജിഡിപി വളര്‍ച്ച പെരുപ്പിച്ച കണക്കെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ജിഡിപി വളര്‍ച്ച പെരുപ്പിച്ച കണക്കെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ ജിഡിപി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചവയാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശമുള്ളത്.
മന്‍മോഹന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും ജിഡിപി വളര്‍ച്ച സംബന്ധിച്ച് പെരുപ്പിച്ച കണക്കുകളാണ് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു. വളര്‍ച്ചയേക്കാള്‍ 2.5 ശതമാനം അധികം പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
20112012 സാമ്പത്തിക വര്‍ഷം മുതല്‍ 20162017 സാമ്പത്തിക വര്‍ഷം വരെയുള്ള സമയത്ത് ഇന്ത്യയുടെ ജിഡിപി ഏഴ് ശതമാനമായിരുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാലിത് യഥാര്‍ഥത്തില്‍ 4.5 ശതമാനം മാത്രമായിരുന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.
തെറ്റായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനം പോലെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുപോകുന്നതെന്ന് ഇദ്ദേഹം പറയുന്നു. 2014 മുതല്‍ 2018 വരെയുള്ള കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. അതേസമയം ഈ പെരുപ്പിച്ച് കാട്ടല്‍ രാഷ്ട്രീയമായ തീരുമാനമായിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജിഡിപി പെരുപ്പിച്ച് കാണിക്കല്‍ നടത്തിയത് ടെക്‌നോക്രാറ്റുകളാണ്. ഈ ശ്രമം കൂടുതലും നടന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. അതിദ്രുതം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് തോന്നിക്കുന്ന രീതിയില്‍ ജിഡിപി വളര്‍ച്ച കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതിനാലാണ് ഇത്രയധികം വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഇത്തരമൊരു മാറ്റം വരുത്തിയതിനാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപി വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടായതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.
ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ച 4.5 ശതമാനം മാത്രമാണെന്നും എത്രയും പെട്ടെന്ന് ബാങ്കിങ് മേഖലയില്‍ ഇടപെട്ടില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടുമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ജിഡിപി വളര്‍ച്ച കണക്കാക്കിക്കണമെന്നും അദ്ദഹം ആവശ്യപ്പെടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close