ഇന്ധന ഉപയോഗ വര്‍ധന രണ്ടു ശതമാനം മാത്രം

ഇന്ധന ഉപയോഗ വര്‍ധന രണ്ടു ശതമാനം മാത്രം

വിഷ്ണു പ്രതാപ്
മുംബൈ: കടന്നുപോയത് സാമ്പത്തിക മുരടിപ്പിന്റെ വര്‍ഷമായിരുന്നെന്ന് രാജ്യത്തെ ഇന്ധന ഉപയോഗം സാക്ഷ്യപ്പെടുത്തുന്നു. ഇന്ധന ഉപയോഗത്തില്‍ 2013നുശേഷമുള്ള ഏറ്റവും താണ വര്‍ധനയാണു കഴിഞ്ഞ വര്‍ഷം ഉണ്ടായത്. വെറും രണ്ടു ശതമാനം വര്‍ധന.
2013ലെ 1.7 ശതമാനം വളര്‍ച്ച കഴിഞ്ഞാല്‍ ഏറ്റവും താണ വളര്‍ച്ചയാണിത്. അന്നു ശരാശരി 109 ഡോളറായിരുന്നു ഒരു വീപ്പ ക്രൂഡ് ഓയിലിന്റെ വില. കഴിഞ്ഞ വര്‍ഷമാകട്ടെ 55 ഡോളറും. വില നേര്‍പകുതിയായിട്ടും ഉപയോഗം കാര്യമായി കൂടാത്തതിനു രണ്ടു കാരണങ്ങളാണു ചൂണ്ടിക്കാട്ടുന്നത്. കറന്‍സി നിരോധനവും ഒരുക്കം കൂടാതെ ജിഎസ്ടി നടപ്പാക്കിയതും.
2016 നവംബറിലെ കറന്‍സി നിരോധനത്തിന്റെ ആഘാതത്തില്‍ വാഹന ഓട്ടവും ചരക്കു ഗതാഗതവും മാസങ്ങളോളം മരവിപ്പിലായി. ജിഎസ്ടി നടപ്പാക്കിയതു പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ആകെ 20 കോടി ടണ്‍ പെട്രോളിയം ഉത്പന്നങ്ങളാണ് ഉപയോഗിച്ചത്. 2016ലേക്കാള്‍ രണ്ടു ശതമാനം മാത്രം കൂടുതല്‍. 2016ല്‍ 11 ശതമാനം കണ്ട് ഉപയോഗം വര്‍ധിച്ചിരുന്നതാണ്.
ഉപയോഗത്തിന്റെ 40 ശതമാനം ഡീസലാണ്. ഡീസല്‍ ഉപയോഗം 3.3 ശതമാനം വര്‍ധിച്ച് 7.9 കോടി ടണ്ണിലെത്തി.പെട്രോള്‍ ഉപയോഗം 7.1 ശതമാനം വര്‍ധിച്ച് 2.5 കോടി ടണ്‍ ആയി.

Post Your Comments Here ( Click here for malayalam )
Press Esc to close