ഇന്ധന വില റെക്കോഡ് നിലയിലേക്ക്

ഇന്ധന വില റെക്കോഡ് നിലയിലേക്ക്

ഗായത്രി
കൊച്ചി: പെട്രോള്‍, ഡീസല്‍ വില റെക്കോഡ് നിലയിലേക്ക് കുതിക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയരുന്നത്. ഇന്ധനവില ക്രമാതീതമായി ഉയരുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നും സൂചനയുണ്ട്. പെട്രോള്‍, ഡീസല്‍ വില ദിനേന മാറുന്ന സംവിധാനം നിലവില്‍ വന്നതോടെ നിയന്ത്രണമില്ലാതെ വില കൂട്ടുന്ന പ്രവണത എണ്ണക്കമ്പനികള്‍ തുടരുകയാണ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതിയുമാണ് വില കൂട്ടാന്‍ കാരണമായി കമ്പനികള്‍ പറയുന്നത്.
സംസ്ഥാനം നികുതി കുറക്കണമെന്ന നിലപാടില്‍ കേന്ദ്രവും ആദ്യം കേന്ദ്രം കുറക്കട്ടെ എന്ന വാദത്തില്‍ സംസ്ഥാനവും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ജനജീവിതം ദുരിതത്തിലാക്കി ആഴ്ചകള്‍ക്കുള്ളില്‍ ഒന്നും രണ്ടും രൂപയാണ് പെട്രോളിനും ഡീസലിനും വര്‍ധിക്കുന്നത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 74.90 രൂപയും ഡീസലിന് 66.85 രൂപയുമായിരുന്നു വില. കൊച്ചിയില്‍ യഥാക്രമം 73.60ഉം 65.59ഉം. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 66.93ഉം ഡീസലിന് 58.28 ഉം ആയിരുന്നു. ഏഴ് മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ യഥാക്രമം 7.97 രൂപയുടെയും 8.57 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്.
ഡീസല്‍ വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. ചരക്ക് കടത്തിനുള്ള ചെലവ് കുടുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കും. ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ, ടാക്‌സി, ബസ് യാത്ര നിരക്കുകളും ലോറി വാടകയും കൂട്ടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close