ഇന്ധനവില വീണ്ടും ഉയര്‍ന്നു

ഇന്ധനവില വീണ്ടും ഉയര്‍ന്നു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.34 രൂപയുടെയും ഡീസലിനു 2.77 രൂപയുടെയും വര്‍ധനവുണ്ടായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.40 രൂപയും ഡീസല്‍ വില 78.30 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 83.00 രൂപയും ഡീസല്‍ വില 77.00 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്‍ന്നു.
ഇന്ധനത്തിന് ഭാരിച്ച നികുതി ചുമത്തി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതര രാജ്യങ്ങള്‍ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നത് ആദായ വിലക്ക്.
അതേസമയം ഇന്ത്യയില്‍നിന്ന് വാങ്ങുന്ന രാജ്യങ്ങളാകട്ടെ നാട്ടുകാര്‍ക്ക് കുറഞ്ഞ വിലക്ക് നല്‍കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പെട്രോള്‍ വില 90ലേക്ക് എത്തുമ്പോഴും ഇവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ നികുതി ഉയര്‍ത്താതെ വില നിയന്ത്രിച്ചുനിര്‍ത്തുകയാണ്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ എന്ന പോലെ ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിലും മുന്‍നിരയിലാണ് ഇന്ത്യ.
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ 15 രാജ്യങ്ങള്‍ക്ക് പെട്രോള്‍ ലിറ്ററിന് ഏകദേശം 34 രൂപക്കും 29 രാജ്യങ്ങള്‍ക്ക് ഡീസല്‍ ലിറ്ററിന് 37 രൂപക്കുമാണ് ഇന്ത്യ വിറ്റത്. ഇന്ത്യയില്‍ ഇന്ധനവില 70 കടക്കുമ്പോഴും ഈ രാജ്യങ്ങളിലെല്ലാം ഇതിനെ അപേക്ഷിച്ച് വളരെ താഴെയായിരുന്നു.
2017ല്‍ 2,410 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 21,181 കോടിയുടെ 43,16,000 മെട്രിക് ടണ്‍ പെട്രോളും 37,245 കോടിയുടെ 84,96,000 മെട്രിക് ടണ്‍ ഡീസലും വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. നിലവില്‍ ഡോളര്‍ വിനിമയ നിരക്കും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് 35.67 രൂപയാണ് ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിക്കുന്നത്. സംസ്‌കരിക്കാന്‍ ലിറ്ററിന് 10 രൂപ കൂടി ചെലവ് വരും. കേന്ദ്രം ചുമത്തുന്ന എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വില്‍പന നികുതിയും ചേര്‍ന്നാണ് വില ഇരട്ടിയോളം ഉയര്‍ത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close