കേരളത്തിന്റെ പരമ്പരാഗത മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നു

കേരളത്തിന്റെ പരമ്പരാഗത മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നു


കൊച്ചി:
കഴിഞ്ഞ 29 വര്‍ഷമായി നടപ്പാക്കി വരുന്ന ട്രോളിംഗ് നിരോധനം കൊണ്ടും പരമ്പരാഗത മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ കഴിയാത്തത് ആശങ്കയുണര്‍ത്തുന്നു. കേരളത്തില്‍ സുലഭമായി ലഭിച്ചിരുന്ന 40 ഇനം പരമ്പരാഗത മത്സ്യങ്ങള്‍ ഗണ്യമായി കുറയുന്നു. അടുത്തകാലത്ത് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ അയലയും മത്തിയും ഉള്‍പ്പെടെ കുറയുന്നതായി കണ്ടെത്തി.
തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളിലാണ് ഈ മത്സ്യങ്ങള്‍ പ്രജനനം നടത്തുന്നത്. മുട്ടയിട്ട് പെരുകുന്ന മണ്‍സൂണില്‍ ഇവ കടലിന്റെ അടിത്തട്ടിലായിരിക്കും. 90 ദിവസം കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തി പുറത്തുവരുന്നത്. എന്നാല്‍ കേരളത്തിലെ ട്രോളിംഗ് നിരോധനം നിലവില്‍ 40 ദിവസത്തേക്ക് മാത്രമാണ് നടപ്പാക്കുന്നത്. ഇത് 60 ദിവസമെങ്കിലുമാക്കണമെന്ന് ഫിഷറീസ് വകുപ്പുതന്നെ 2012ല്‍ നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് തവണയായി ട്രോളിംഗ് നിരോധിക്കാനായിരുന്നു 2012 ഒക്ടോബര്‍ 27ന് സര്‍ക്കാര്‍ നിയോഗിച്ച പഠന സംഘം നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
12 നോട്ടിക്കല്‍ മൈലിനുള്ളില്‍ ജൂണ്‍14 മുതല്‍ 40 ദിവസമാണ് ട്രോളിംഗ് നിരോധനം. ഈ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം പാടില്ല. ഒഴുക്കുവല ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കട്ടമരത്തിലും കമ്പവലയിലും ചൂണ്ടയിലും മീന്‍ പിടിക്കാം. 3400 യന്ത്രവത്കൃത ബോട്ടുകളാണ് ട്രോളിംഗ് നിരോധന സമയത്ത് കരക്കു കയറ്റുന്നത്.
ഇതേ കാലയളവില്‍ കേന്ദ്ര ഉദാരവത്കരണ നയത്തിന്റെ ആനുകൂല്യവുമായി വിദേശ കപ്പലുകളും എത്തുന്നു. അവര്‍ കടല്‍ത്തട്ട് അരിച്ചാണ് മീന്‍ വാരുന്നത്. വലയില്‍ കുടുങ്ങുന്ന ടണ്‍ കണക്കിന് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തതിനുശേഷം കടലില്‍ത്തന്നെ ഉപേക്ഷിക്കും. യന്ത്രവത്കൃത കപ്പല്‍ വള്ളങ്ങളാവട്ടെ കിട്ടുന്ന കുഞ്ഞുമത്സ്യങ്ങളെ വളം നിര്‍മ്മാണ ഫാക്ടറികള്‍ക്ക് വില്‍ക്കും.
മത്തി, അയല, നത്തോലി, നവര, കാര, മുന്നാവ്, പരവ, ചുണ്ണാമ്പുവാള, മുള്ളുവാള, ചൂര, വരയന്‍ ചൂര, പൊള്ളന്‍ ചൂര, കല്ലന്‍ ചൂര, ചീലാവ്, തിരണ്ടി, വെട്രോള്‍, കൊഴിയാള, ഇലപ്പാട്ടി, ആവോലി, വെള്ള ആവോലി, കറുത്ത ആവോലി, കണ്ണമ്പാര, കണവ, കല്ലിക്കണവ, ഞണ്ട്, കൊഞ്ച്, ഉരുളുപാര, മഞ്ഞപ്പാര, വട്ടക്കാര, കളിമീന്‍, തേട്, നെയ്മീന്‍, വേളാവ്, തമ്പ, കൊരളി, പെരുങ്കണ്ണി, കണവ, കോര എന്നിവയാണ് ഇക്കാലത്ത് വന്‍തോതില്‍ പ്രചനനം നടത്തുന്ന മത്സ്യങ്ങള്‍. ഈ മത്സ്യങ്ങളിലാണ് വന്‍ കുറവ് കണ്ടെത്തിയിരിക്കുന്നത്.
ട്രോളിംഗ് നിരോധന കാലത്ത് യന്ത്രവത്കൃത കപ്പല്‍ വള്ളങ്ങള്‍ കടലില്‍ ഇറങ്ങരുതെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്ന് കേരളം 2007ല്‍ അവരെ അനുവദിച്ചുകൊണ്ട് പ്രത്യേക നിയമം പാസാക്കി. അടിത്തട്ട് വാരാത്തവിധമുള്ള ഒഴുക്കുവലകള്‍ ഉപയോഗിക്കാനാണ് ഇവര്‍ക്ക് നല്‍കിയ വ്യവസ്ഥ. എന്നാല്‍ വ്യാപകമായി കൊല്ലിവലയും റിംഗ്‌സീന്‍ വലയും ഉപയോഗിക്കുന്നു. ആരും പരിശോധിക്കുന്നുമില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close