കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി

കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി

ഫിദ-
സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറിയില്‍ സര്‍ക്കാര്‍ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യമുള്ള ചെലവുകള്‍ മാത്രമെ അനുവദിക്കൂ. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവുകള്‍ക്കും തത്കാലം പണം ലഭിക്കില്ല. ഇന്നലെ മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
ട്രഷറിയില്‍ പണം കുറവായതിനാല്‍ ഓവര്‍ ഡ്രാഫ്റ്റില്‍ ആയി ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണം. ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമലച്ചെലവുകള്‍, ഇന്ധനച്ചെലവുകള്‍, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷന്‍ തുടങ്ങി 31 ഇനം ചെലവുകള്‍ മാത്രമെ അനുവദിക്കൂ. അത്യാവശ്യ ബില്ലുകള്‍ മാത്രം മാറിനല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.
വകുപ്പുകളുടെ അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രം മാറിനല്‍കിയാല്‍ മതിയെന്നായിരുന്നു നേരത്തേ നിര്‍ദേശിച്ചിരുന്നത്. ഇതിന് മുകളിലുള്ളവക്ക് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകളും മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്. ഇവയില്‍ അനുവദിക്കാവുന്ന പട്ടികയിലുള്ളവയെ മാറിനല്‍കൂ.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൊതു ആവശ്യത്തിനുള്ള ഫണ്ടില്‍നിന്നുമാത്രമെ പണം ചെലവിടാനാവൂ. ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ളതാണിത്.
സാധാരണ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തവണ നേരത്തേതന്നെ നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

 

Post Your Comments Here ( Click here for malayalam )
Press Esc to close