ഫേസ്ബുക്കില്‍ നിന്നും 2.9 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കില്‍ നിന്നും 2.9 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

അളക ഖാനം-
ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കില്‍ ഗുരുതര സുരക്ഷാവീഴ്ച. ഫേസ്ബുക്കില്‍ നിന്നും 2.9കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് കമ്പനി അധികൃതര്‍ തന്നെയാണ് സമ്മതിച്ചത്. ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന സംവിധാനം ഉപയോഗിച്ചാണ് സെപ്തംബറില്‍ ഹാക്കര്‍മാര്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്. നേരത്തെ ഇത് സംബന്ധിച്ച നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അല്‍പം മുമ്പാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. തങ്ങളുടെ പ്രൊഫൈല്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.
ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ്‌വേഡ് വീണ്ടും നല്‍കാതെ തന്നെ ആളുകളുടെ അക്കൗണ്ടില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ആദ്യഘട്ടത്തില്‍ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 2.9 കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് മനസിലായത്. നിലവില്‍ ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച പരിഹരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് ഇവരുടെ ലക്ഷ്യമെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close