വ്യാപാരികള്‍ക്ക് ലഭിച്ച സിഫോറം വ്യാജമെന്ന്

വ്യാപാരികള്‍ക്ക് ലഭിച്ച സിഫോറം വ്യാജമെന്ന്

ഗായത്രി-
കൊച്ചി: സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച സിഫോറം വ്യാജമാണെന്ന നികുതിവകുപ്പിന്റെ കണ്ടെത്തലില്‍ വലഞ്ഞ് വ്യാപാരികള്‍. മിക്ക വ്യാപാരികളും വലിയ തുക നികുതികുടിശ്ശിക ഇനത്തില്‍ അടക്കേണ്ട ഗതികേടിലാണ്. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ചരക്കുഗതാഗതം നടത്തുമ്പോള്‍ വ്യാപാരികള്‍ക്ക് മൂല്യവര്‍ധിത നികുതി കുറഞ്ഞുകിട്ടുന്നതിന് ചരക്ക് വാങ്ങുന്ന സംസ്ഥാനത്തെ വ്യാപാരികള്‍ സിഫോറം നല്‍കും. ഇത്തരത്തില്‍ സിഫോറം ലഭിക്കുന്ന വ്യാപാരികള്‍ അഞ്ചു ശതമാനം നികുതി അടക്കുന്നതിന് പകരം രണ്ടു ശതമാനം അടച്ചാല്‍ മതി. നികുതിയിളവ് ലഭിക്കുന്നതിനായി വ്യാപാരികള്‍ സമര്‍പ്പിച്ച സിഫോറം വ്യാജമാണെന്ന് നികുതിവകുപ്പ് കണ്ടെത്തിയതോടെയാണ് വലിയ തുകയുടെ സാമ്പത്തികബാധ്യത കൊടുത്തുതീര്‍ക്കേണ്ട അവസ്ഥ വ്യാപാരികള്‍ക്ക് വന്നുചേര്‍ന്നത്.
അടക്കവ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ കോടികളുടെ അധികബാധ്യത വന്നുചേര്‍ന്നത്. ചരക്ക് സേവനനികുതി (ജി.എസ്.ടി) നിലവില്‍ വരുന്നതിന് മുമ്പുള്ള കേന്ദ്ര വില്‍പന നികുതി നിയമപ്രകാരമുള്ള രേഖകളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നികുതിവകുപ്പ് നിയമനടപടി സ്വീകരിക്കുന്നത്. കേന്ദ്ര വില്‍പന നികുതിയിലെ മൂല്യനിര്‍ണയം യഥാസമയം നടത്തിയിരുന്നെങ്കില്‍ സിഫോറത്തിലുള്ള അപാകതകള്‍ വ്യാപാരികളെ ബോധ്യപ്പെടുത്തുന്നതിനും സംസ്ഥാനത്തിനകത്തെ വ്യാപാരികളെ പിഴയും പിഴപ്പലിശയുമടക്കം ഭീമമായ തുക അടക്കുന്നതില്‍നിന്ന് ഒഴിവാക്കുന്നതിനും സാധിക്കുമായിരുന്നു. വില്‍പന നികുതിയിലെ മൂല്യനിര്‍ണയം വൈകിയതുകൊണ്ട് സംഭവിച്ച സാമ്പത്തികബാധ്യത വ്യാപാരികളുടെ തലയിലിട്ട് ഒഴിയുന്നതിനുള്ള നികുതിവകുപ്പിന്റെ നീക്കം പ്രതിഷേധത്തിനിടയാക്കി. നികുതിവകുപ്പ് ഓണ്‍ലൈന്‍ വെരിഫിക്കേഷനിലൂടെ വ്യാജമെന്ന് കണ്ടെത്തിയ പല സിഫോറങ്ങളും വ്യാജമല്ലെന്നും അവ അതത് സംസ്ഥാന സര്‍ക്കാറുകള്‍ നിയമപ്രകാരം കൊടുത്തതാണെന്ന് വിവരാവകാശ നിയമപ്രകാരം തെളിയിച്ചിട്ടും വകുപ്പ് ഇളവുകള്‍ നിഷേധിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close