കയറ്റുമതിയില്‍ കൂടുതലും നഷ്ടത്തില്‍

കയറ്റുമതിയില്‍ കൂടുതലും നഷ്ടത്തില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ കയറ്റുമതി രംഗത്തെ 30 സുപ്രധാന മേഖലകളില്‍ പതിനാറും നഷ്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സെപ്തംബറില്‍ കയറ്റുമതി വരുമാനം 2.15 ശതമാനം കുറഞ്ഞ് 2,795 കോടി ഡോളറിലെത്തിയിരുന്നു. അരി, തേയില, കാപ്പി, പുകയില, എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍, ലെതര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുഅണ്ടി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സമുദ്രോത്പന്നങ്ങള്‍, ജെംസ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സെപ്തംബറില്‍ കയറ്റുമതി നഷ്ടം നേരിട്ടു.
ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ പത്തു ശതമാനം പങ്കുവഹിക്കുന്ന കാര്‍ഷിക മേഖലയും സെപ്തംബറില്‍ നഷ്ടമാണ് കുറിച്ചത്. ഈ വിഭാഗത്തിലെ 13ല്‍ എട്ടു ഇനങ്ങളും നഷ്ടം കുറിച്ചു. അരി കയറ്റുമതി 31.64 ശതമാനം, കശുഅണ്ടി 29.3 ശതമാനം, തേയില 15 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്. അതേസമയം, കയറ്റുമതി മേഖലക്കുള്ള പലിശ സബ്‌സിഡി മൂന്നു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കിയ കേന്ദ്ര തീരുമാനത്തിന്റെ നേട്ടം വരുംമാസങ്ങളില്‍ ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. കയറ്റുമതി മേഖലക്ക് ബാങ്ക് വായ്പകള്‍ സുഗമമായി ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അവര്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close