കേരളത്തില്‍ ഇവേ ബില്‍ 15 മുതല്‍

കേരളത്തില്‍ ഇവേ ബില്‍ 15 മുതല്‍

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കുകടത്തിന് ഈ മാസം 15 മുതല്‍ ഇവേ ബില്‍ സമ്പ്രദായം നടപ്പാക്കും. ജി.എസ്.ടി സംവിധാനത്തിനുകീഴില്‍ ഇവേ ബില്‍ ദേശവ്യാപകമായി പ്രാബല്യത്തില്‍ കൊണ്ടുവരുന്ന നടപടികളുടെ ഭാഗമാണിത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, യു.പി, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. അന്തര്‍സംസ്ഥാന ചരക്കുകടത്തിന് ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലും മറ്റും ഇവേ സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയിരുന്നു. കര്‍ണാടകത്തില്‍ സംസ്ഥാനതലത്തില്‍ ഇവേ ബില്‍ സമ്പ്രദായം ഏപ്രില്‍ ഒന്നിനുതന്നെ നടപ്പാക്കുകയും ചെയ്തു. ഇതിനിടെ, പുതിയ പരോക്ഷനികുതിസമ്പ്രദായത്തിന്റെ ഐ.ടി അടിസ്ഥാനസൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജി.എസ്.ടി നെറ്റ്‌വര്‍ക് സര്‍ക്കാര്‍ കമ്പനിയാക്കി മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
51 ശതമാനം ഓഹരി എടുത്തിട്ടുള്ള സ്വകാര്യ ധനകാര്യസ്ഥാപനങ്ങളാണ് ജി.എസ്.ടി.എന്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് 49 ശതമാനമാണ് ഓഹരിപങ്കാളിത്തം. ഇതു മാറ്റി സര്‍ക്കാറിന് മേധാവിത്വമുള്ള കമ്പനിയാക്കാനുള്ള നിര്‍ദേശം പരിശോധിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. 51 ശതമാനം ഓഹരി നല്‍കി നേരത്തേ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മേധാവിത്വം കൊടുത്തത് ഐ.ടി അടിസ്ഥാന സൗകര്യം സമയബന്ധിതമായി വേഗത്തില്‍ നടപ്പാക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാന്‍ വേണ്ടിയാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2013 മാര്‍ച്ച് 28നാണ് ജി.എസ്.ടി.എന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപവത്കരിച്ചത്. എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.എസ്.ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മന്റെ് കമ്പനി, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവക്കാണ് ജി.എസ്.ടി.എന്നില്‍ 51 ശതമാനം ഓഹരിപങ്കാളിത്തം.

Post Your Comments Here ( Click here for malayalam )
Press Esc to close