ഇ.പി.എഫ് വരിക്കാര്‍ക്ക് ഇരട്ട നഷ്ടം

ഇ.പി.എഫ് വരിക്കാര്‍ക്ക് ഇരട്ട നഷ്ടം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാരായ ജീവനക്കാര്‍ക്ക് ഇരട്ട നഷ്ടം. നിക്ഷേപത്തിന്റെ പലിശനിരക്ക് 8.65 ശതമാനത്തില്‍നിന്ന് 8.55 ശതമാനമായി വെട്ടിക്കുറിച്ചതിനൊപ്പം, കൂടുതല്‍ ആദായമുണ്ടാക്കാന്‍ ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ നടത്തിയ ഓഹരി വിപണി നിക്ഷേപം നഷ്ടത്തില്‍ കലാശിച്ചു. വരിക്കാര്‍ക്കു പുതുക്കി നിശ്ചയിച്ച കുറഞ്ഞ പലിശനിരക്ക് നല്‍കാന്‍ 3,700 കോടിയുടെ ഓഹരികള്‍ വിറ്റ് 1,011 കോടി സമാഹരിച്ചു.
വരിക്കാര്‍ക്ക് കൂടുതല്‍ വരുമാനം വാഗ്ദാനം ചെയ്താണ് ഓഹരി വിപണിയില്‍ മുതലിറക്കിയതെങ്കിലും, നിലവിലെ വരുമാനം പോലും നിലനിര്‍ത്തിക്കൊടുക്കാന്‍ ഇ.പി.എഫ് ഓര്‍ഗനൈസേഷന് സാധിച്ചില്ല. 2015ല്‍ എടുത്ത തീരുമാനം അനുസരിച്ച് 44,000 കോടിയില്‍പരം രൂപയാണ് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചത്. ഇതില്‍ ഒരു പങ്കാണ് വിറ്റത്. വരിക്കാരുടെ സഞ്ചിത നിധിയില്‍ ഈ കുറവു വരും. അഞ്ചു വര്‍ഷത്തിനിടയില്‍ ഇതു രണ്ടാം തവണയാണ് ഇ.പി.എഫ് പലിശനിരക്കു കുറക്കേണ്ടി വരുന്നത്.
ഇ.പി.എഫില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ നിയമഭേദഗതി ഉടനടി നടപ്പാക്കാനും കഴിഞ്ഞ ദിവസം നടന്ന ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. 20 ജീവനക്കാരുള്ള തൊഴില്‍ സ്ഥാപനം ഇ.പി.എഫ് പദ്ധതിയില്‍ നിര്‍ബന്ധമായും ചേര്‍ന്നിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇനി ജീവനക്കാരുടെ എണ്ണം 10 ആയി ചുരുക്കുകയാണ്. ഇതുവഴി വരിക്കാരുടെ എണ്ണം മൂന്നിലൊന്നു കണ്ട് വര്‍ധിക്കും. ഓഹരിക്കമ്പോളത്തില്‍ എറിയാവുന്ന സഞ്ചിതനിധിയുടെ വലിപ്പവും ഉയരും.സഞ്ചിതനിധിയില്‍നിന്ന് 15 ശതമാനം തുകയാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ബാക്കി 85 ശതമാനം ബോണ്ട് നിക്ഷേപവും സ്ഥിരനിക്ഷേപവുമാണ്. ബോണ്ടില്‍നിന്നുള്ള പ്രതിവര്‍ഷ വരുമാനം എട്ടു ശതമാനമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഇപ്പോള്‍ നിശ്ചയിച്ച പലിശനിരക്ക് ഉറപ്പു വരുത്താനാണ് ഓഹരിയില്‍ ഒരു പങ്ക് വിറ്റതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, മറ്റൊന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 8.65 ശതമാനം പലിശ നല്‍കിയിയിട്ടും 695 കോടിയുടെ മിച്ചം ഇ.പി.എഫ് ഓര്‍ഗനൈസേഷന് ഉണ്ടായിരുന്നു. പലിശ കുറക്കുകയും ഓഹരി വില്‍ക്കുകയൂം ചെയ്ത ശേഷം പ്രതീക്ഷിക്കുന്ന മിച്ചം 586 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശനിരക്ക് നിലനിര്‍ത്തിയാല്‍പോലും 50 കോടിയോളം രൂപയുടെ മിച്ചം ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നിട്ടും പലിശ കുറക്കുകയാണ് ചെയ്തത്. നിലവിലെ സാമ്പത്തിക വിപണി സാഹചര്യങ്ങളില്‍ പലിശ കുറച്ചേ മതിയാവൂ എന്നാണ് വിശദീകരണം. സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനവും കോര്‍പറേറ്റുകളുടെ വായ്പ തട്ടിപ്പും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചിട്ടുണ്ട്. ബാങ്കുകളും ചെറുകിട സമ്പാദ്യ പദ്ധതികളും നിക്ഷേപത്തിന് പലിശ കുറച്ചുകൊണ്ടു വരുന്നതിനു പുറമെയാണ് ഇ.പി.എഫ് നിക്ഷേപത്തിന്റെ വരുമാനവും ഇടിയുന്നത്. ബാങ്ക് ചാര്‍ജുകള്‍ പല വിധത്തില്‍ ചുമത്തുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരടക്കം മധ്യവര്‍ഗക്കാര്‍ക്ക് സര്‍ക്കാറിനോടുള്ള അതൃപ്തി വര്‍ധിക്കുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയമായി നഷ്ടക്കച്ചവടം കൂടിയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close