ആത്മകഥയുടെ രണ്ടാം ഭാഗവുമായി നളിനി ജമീല

ആത്മകഥയുടെ രണ്ടാം ഭാഗവുമായി നളിനി ജമീല

ഫിദ-
ലൈംഗിക തൊഴിലാളിയായിരുന്ന നളിനി ജമീലയുടെ ആത്മകഥയുടെ രണ്ടാം ഭാഗവും പുറത്തിങ്ങി. ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തെക്കുറിച്ച് ഇന്ത്യന്‍ വുമന്‍ ബ്ലോഗിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുകയാണ് നളിനി.
ലൈംഗികത്തൊഴിയാളിയാണെന്ന് പറയാന്‍ ഒരു നാണവുമില്ലെന്ന് നളിനി ഉറക്കെ വിളിച്ച് പറഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തൃശൂര്‍ സ്വദേശിയായ നളിനിക്ക് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാന്‍ കഴിയാതെ വന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമണ്‍ ഖനിയില്‍ ജോലിക്കുപോയി. പതിനെട്ടാം വയസ്സില്‍ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാന്‍സര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഭര്‍ത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.
ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്. കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.
എന്റെ ജീവിതമാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കല്‍ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഞാന്‍. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു”നളിനി പറയുന്നു.
സാധാരണ ഗതിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലര്‍ത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്. എന്നാല്‍ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങള്‍ക്കുള്ളതുപോലെ ഭയം ഇടപാടുകാര്‍ക്കും ഉണ്ടാകാം. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നിരവധി തവണ പ്രണയിച്ചിട്ടുണ്ട്. അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ഏറ്റവുമധികം കാമുകന്മാരുള്ള സ്ത്രീ ഒരുപക്ഷേ ഞാനായിരിക്കും. ലൈംഗികത്തൊഴിലാളിയായതുകൊണ്ട് ഒരിടത്തു തന്നെ നില്‍ക്കുക എന്നത് സാധ്യമല്ല. താമസസ്ഥലം അടിക്കടി മാറേണ്ടി വരും. അതുകൊണ്ട് പ്രണയബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അന്ന് സാധിച്ചിരുന്നില്ലെന്നും നളിനി പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES