ഇംഗ്ലീഷ് മറിയുമ്മ സാഹചര്യങ്ങളോട് പോരുതി ജീവിച്ച വീട്ടമ്മ

ഇംഗ്ലീഷ് മറിയുമ്മ സാഹചര്യങ്ങളോട് പോരുതി ജീവിച്ച വീട്ടമ്മ

ഫിദ-
കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച തലശ്ശേരി മാളിയേക്കല്‍ മറിയുമ്മ എന്ന ഇംഗ്ലീഷ് മറിയുമ്മ സാഹചര്യങ്ങളോട് പോരുതി ജീവിച്ച വീട്ടമ്മ.

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിതയാണിവര്‍. ഏറെ അധിക്ഷേപങ്ങളും ത്യാഗങ്ങളും സഹിച്ച് കാലഘട്ടത്തോടും വ്യവസ്ഥിതിയോടും പൊരുതിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയതും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയതും. മുസ്ലിം പെണ്‍കുട്ടിയെ പള്ളിക്കൂടത്തിലയയ്ക്കുന്നതില്‍ എതിര്‍പ്പുമായി യാഥാസ്ഥിതികര്‍ വഴിനിറഞ്ഞു നിന്ന കാലത്ത് എല്ലാത്തിനെയും അതിജീവിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ മറിയുമ്മയ്ക്കായി. കോണ്‍വെന്റ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒവി റോഡില്‍വച്ച് യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടുംകേട്ടും കണ്ണീരൊഴുക്കിയത് അവര്‍ പില്‍ക്കാലത്ത് ഓര്‍ത്തുപറഞ്ഞിരുന്നു.

തലശേരി മാളിയേക്കല്‍ തറവാട്ടിലിരുന്ന് ഇംഗ്ലീഷ് മറിയുമ്മ ജീവിതം പറയുമ്പോള്‍, നിലനിന്ന സമ്പ്രദായങ്ങള്‍ തട്ടിനീക്കി മുന്നേറിയ ധീരവനിതയുടെ ചരിത്രം കൂടിയാണ് ആ വാക്കുകളിലൂടെ കേട്ടിരുന്നവരിലേക്ക് എത്തിയിരുന്നത്. 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏകമുസ്ലിം പെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെ ധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു.

വലിയ മനഃപ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ചെയ്തു. യാഥാസ്ഥിതികരുടെ ശല്യം അസഹ്യമായപ്പോള്‍ കോണ്‍വെന്റില്‍ തന്നെ പ്രാര്‍ഥനക്കും ഭക്ഷണം കഴിക്കാനും ഉപ്പ സൗകര്യം ഏര്‍പ്പെടുത്തിയെന്നും മറിയുമ്മ പറഞ്ഞിരുന്നു. സമൂഹം എതിര്‍ത്തെങ്കിലും പഠിക്കാനുള്ള തന്റെ ആഗ്രഹത്തിന് ഉപ്പ ഒ.വി. അബ്ദുള്ള സീനിയറും വല്യമ്മയായ ബീഗം തച്ചറക്കല്‍ കണ്ണോത്ത് അരീക്ക സ്ഥാനത്ത് പുതിയമാളിയേക്കല്‍ ടിസി കുഞ്ഞാച്ചുമ്മയുമാണ് െധൈര്യം തന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

വിവാഹശേഷം പഠിക്കാന്‍ ഭര്‍ത്താവ് വി ആര്‍ മായിനലിയും പ്രോത്സാഹിപ്പിച്ചു. അന്നത്തെ എതിര്‍പ്പിനും അരുതെന്ന മുറിവിളിക്കും കീഴടങ്ങിയിരുന്നെങ്കില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ലെന്നും മറിയുമ്മ പലപ്പോഴും പറയുമായിരുന്നു. മറിയുമ്മയുടെ മരണത്തോടെ മലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്ര അധ്യായം കൂടിയാണ് മായുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close