തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര നീക്കം

തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര നീക്കം

 

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ കേന്ദ്രം വന്‍ പൊളിച്ചെഴുത്ത് നടത്താനൊരുങ്ങുന്നു. കമ്പനികള്‍ സൂക്ഷിക്കേണ്ട തൊഴില്‍ രജിസ്റ്ററുകളുടെ എണ്ണം 56 ല്‍ നിന്ന് അഞ്ചായി കുറയും. പല രജിസ്റ്ററുകള്‍ക്കു പകരം ഒരുമിച്ചുളള രജിസ്റ്ററുകള്‍ ഇലക്ട്രോണിക് രൂപത്തിലാണ് ഇനിസൂക്ഷിക്കേണ്ടത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുന്ന പുതിയ വേജസ് കോഡും ഇതോടൊപ്പം നിലവില്‍ വരും. ഇതു സംബന്ധിച്ച നിയമഭേദഗതി പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും. നിയമഭേദഗതി വരുന്നതോടെ പ്രോവിഡന്റ് ഫണ്ട് തുക കിട്ടാനുളള കാലതാമസവും ഇല്ലാതാകും. ആധാര്‍ നമ്പര്‍ സഹിതം ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ അഞ്ചു ദിവസത്തിനകം പി.എഫ് തുക ലഭ്യമാകും.
മൈന്‍സ് ആക്റ്റ്, മിനിമം വേജസ് ആക്റ്റ്, വേജസ് ആക്റ്റ് തുടങ്ങി ഒമ്പത് കേന്ദ്ര നിയമങ്ങള്‍ പ്രകാരം 56 രജിസ്റ്ററുകളായിരുന്നു സ്ഥാപനങ്ങള്‍ ഇതുവരെ സൂക്ഷിക്കേണ്ടിയിരുന്നത്. ഇത് ബിസിനസ് നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രജിസ്റ്ററുകളുടെ എണ്ണം കുറയുന്നത് അധ്വാനവും പണവും സമയവും ലാഭിക്കാന്‍ അവസരമൊരുക്കും.

സ്ഥാപനങ്ങള്‍ ഇനി മുതല്‍ സൂക്ഷിക്കേണ്ട അഞ്ചു രജിസ്റ്ററുകള്‍ ഇവയാണ്.
1. തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍
2. വേതനം സംബന്ധിച്ച രജിസ്റ്റര്‍
3. ലോണും റിക്കവറിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍
4. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍
5. അവധിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍

ഇതോടൊപ്പം, വേതനം സംബന്ധിച്ച 44 നിയമങ്ങളെ നാലു കോഡുകളായി ചുരുക്കാനും തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ വേജസ് കോഡ് വ്യവസ്ഥ ചെയ്യുന്നു. ഇത് നടപ്പാകുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടാകും. വേതനം, വ്യവസായ ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷ, ആരോഗ്യം, തൊഴില്‍ അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട നാലു കോഡുകളാണ് നിലവില്‍ വരിക. ഇതി നടപ്പില്‍ വരുന്നതോടെ തൊഴില്‍ രംഗത്തെ പ്രധാന പ്രതിസന്ധി മാറിക്കിട്ടുമെന്നാണ് കരുതുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close