മുട്ട വില കുതിക്കുന്നു

മുട്ട വില കുതിക്കുന്നു

ഗായത്രി
കൊച്ചി: രാജ്യവ്യാപകമായി മുട്ട വില കുതിക്കുന്നു. ഉത്പാദനം കുറഞ്ഞതും കയറ്റുമതി കൂടിയതുമാണ് വിലവര്‍ധനക്ക് കാരണം. ഇതുവരെ അഞ്ച് രൂപയില്‍ കൂടാതിരുന്ന മുട്ടവിലയാണ് രാജ്യത്തെ പല വിപണികളിലും ഏഴുരൂപക്കും ഒമ്പത് രൂപക്കും വില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. താരതമ്യേന ആവശ്യക്കാര്‍ കുറവായ താറാവ് മുട്ടക്കും കാടമുട്ടക്കും കാര്യമായ വിലവര്‍ധന ഉണ്ടായിട്ടില്ല.
ഇന്ത്യയില്‍ പ്രതിദിനം 20 കോടി മുട്ടയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം കോഴി ഫാമുകളിലായി മുട്ടയിടുന്ന 24 കോടി കോഴികളാണ് രാജ്യത്തുള്ളത്. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്നത്.
ഒരു കോഴിയില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 240 മുതല്‍ 300വരെ മുട്ടകള്‍ ലഭിക്കും. പക്ഷിപ്പനിയെതുടര്‍ന്ന് കുറച്ചുവര്‍ഷംമുമ്പ് മഹാരാഷ്ട്രയില്‍ ഫാമുകള്‍ അടച്ചിരുന്നു. തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് 35 ശതമാനത്തിലേറെ മുട്ട ഉത്പാദിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് രാജ്യത്ത് ആവശ്യമുള്ളതില്‍ 68 മുതല്‍ 70 ശതമാനംവരെ മുട്ട ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മുട്ടവില നിശ്ചയിക്കുന്നത് ഹൈദരാബാദിലെ കച്ചവടക്കാരാണ്. വന്‍കിട കോഴിഫാമുകളുള്ള ഇവിടെയാണ് കൂടുതല്‍ മുട്ട ഉത്പാദിപ്പിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close