വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പം പോലെ ഡ്യൂക്ക് 390

വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പം പോലെ ഡ്യൂക്ക് 390

വിഷ്ണു പ്രതാപ്
യുവാക്കളുടെ മനം കവരാന്‍ ഡ്യൂക്ക് 390മായി കെടിഎം. മുന്‍ഗാമികളെപ്പോലെ സമ്പന്നമായ ഫീച്ചറുകളും മികച്ച പെര്‍ഫോമന്‍സും തന്നെയാണ് ഈ പുത്തന്‍ താരത്തിന്റെയും മികവ്. വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത മനോഹര ശില്പം പോലെയാണ് ഡ്യൂക്ക് 390. മികച്ച വെളിച്ചം പകരുന്ന എല്‍.ഇ.ഡി ഹെഡ്‌ലൈറ്റാണുള്ളത്. 20 എല്‍.ഇ.ഡികള്‍ ചേരുന്നതാണ് പാര്‍ക്കിംഗ് ലൈറ്റ്. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഇന്ധനടാങ്കിന് അല്പം വലുപ്പം കൂടിയിട്ടുണ്ട്. 13.5 ലിറ്റര്‍ ശേഷിയുള്ള ടാങ്കാണിതിന്.
സിറ്റി റൈഡിംഗിനും കൂടി അനുയോജ്യമായവിധം വീല്‍ബെയ്‌സ് 1.35 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 185 എം.എം ആയി ഉയര്‍ത്തിയിട്ടുമുണ്ട്. സീറ്റുയരം 30 എം.എം വര്‍ദ്ധിച്ച് 830 എം.എം ആയി. 155 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ബൈക്കിന്റെ ഓരോ ഭാഗവും യുവാക്കളുടെ അഭിരുചിക്ക് അനുസരിച്ചാണ് മെനഞ്ഞതെന്ന് കാണാം. പുതിയ അഞ്ചിഞ്ച് ടി.എഫ്.ടി ഡിജിറ്റല്‍ കണ്‍സോളാണ് പ്രധാന ആകര്‍ഷണം. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവയ്ക്ക് പുറമേ ക്‌ളോക്ക്, ആര്‍.പി.എം ഡിസ്പ്‌ളേ, എ.ബി.എസ് ലൈറ്റ് എന്നീ ഫീച്ചറുകളും ഉള്‍പ്പെടുന്ന ടി.എഫ്.ടി ഹാന്‍ഡില്‍ബാറിന് മുകളിലായാണ് ഇടംനേടിയത്.
മൊബൈല്‍ഫോണ്‍ ബൈക്കുമായി കണക്ട് ചെയ്യാനും ഓപ്ഷനുണ്ട്. സ്‌ക്രീനില്‍ കോണ്ടാക്ടുകള്‍ തെളിയും. നമുക്ക് കോള്‍ ചെയ്യാം. ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. ഓഡിയോ പ്ലെയര്‍ നിയന്ത്രിക്കാനും കഴിയും. ലിക്വിഡ് കൂളായ 1 സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 373.2 സി.സി എന്‍ജിനാണുള്ളത്. കരുത്ത് 42.90 പി.എസ്. ഗിയറുകള്‍ ആറ്. ശക്തമായ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമിലാണ് ഷാസി സജ്ജമാക്കിയത്. 43 എം.എം അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷന്‍ മുന്നിലും മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്നിലും ഇടംപിടിച്ചു. 2 ചാനല്‍ എ.ബി.എസും ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളും സുരക്ഷിത ബ്രേക്കിംഗിനായി നല്‍കിയിരിക്കുന്നു. 2.25 ലക്ഷം രൂപയാണ് ഈ പ്രീമീയം നേക്കഡ് ബൈക്കിന് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില.

Post Your Comments Here ( Click here for malayalam )
Press Esc to close