മാംസ വിപണിയില്‍ താറാവ് പറന്നുയരുന്നു

മാംസ വിപണിയില്‍ താറാവ് പറന്നുയരുന്നു

 

മാംസവിപണിയില്‍ താറാവ് ഇറച്ചിക്ക് വന്‍ മുന്നേറ്റം. ആലപ്പുഴയില്‍ 300 രൂപവരെയാണ് ഒരു കിലോ താറാവിന്റെ ഇപ്പോഴത്തെ വില. വിവിധ കാരണങ്ങളാല്‍ ബീഫിന്റെ വരവ് കുറയുകയും വില ഉയരുകയും ചെയ്തതാണ് താറാവിന്റെ ഡിമാന്റ് ഉയരാന്‍ കാരണമായത്. ഒരു വിഭാഗം ചിക്കന്‍ വ്യാപാരികള്‍ ജി.എസ്.ടിക്കെതിരെ നടത്തിയ സമരവും താറാവ് വില ഉയരാന്‍ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു. സാധാരണ നിലയില്‍ ക്രിസ്മസ്, ഓണം സിസണില്‍ മാത്രമാണ് താറാവ് വില ഇത്രയും ഉയരാറുളളത്.
നിയമപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുളള ബീഫിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. പലയിടത്തും ബിഫിന്റെ വില ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് താറാവ് ഇറച്ചി കൂടുതലായി ഉപയോഗിക്കുന്ന മധ്യ തിരുവതാംകൂര്‍, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങില്‍ താറാവിന്റെ ഡിമാന്റ് വര്‍ധിച്ചത്. കേരളത്തില്‍ കര്‍ക്കടകവും തമിഴ്‌നാട്ടില്‍ ആടിമാസവും തുടങ്ങുന്നതോടെ ഇപ്പോഴത്തെ ഡിമാന്റില്‍ കുറവുണ്ടാകാമെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ബീഫിന്റെ ലഭ്യതയില്‍ കുറവുവന്നാല്‍ ഓണത്തോടുകൂടി താറാവ് വില വീണ്ടും കുതിച്ചുയരുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം താറാവുകളെ കൂട്ടത്തോടെ കൊന്നതും താറാവിന്റെ ഡിമാന്റ് ഉയരാന്‍ കാരണമായി. ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് ഏഴര ലക്ഷത്തോളം താറാവുകളെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കൊന്നത്. 12 കോടി രൂപ നഷ്ടപരിഹാരമെന്ന നിലയില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. നഷ്ടംപരിഹാരം കിട്ടാത്ത കര്‍ഷകരും ഏറെയുണ്ട്. അതേസമയം, സര്‍ക്കാര്‍ കോഴികൃഷിക്ക് നല്‍കുന്ന പ്രോല്‍സാഹനം താറാവ് കൃഷിക്ക് നല്‍കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നിലവാരമുളള കുഞ്ഞുങ്ങളെ വിതരണം ചെയ്യാനും ഇവയെ വളര്‍ത്താനുളള അനുബന്ധ സൗകര്യങ്ങളൊരുക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ വരും നാളുകളില്‍ താറാവ് മേഖലയില്‍ വലിയ തൊഴില്‍ സാധ്യതയാണ് ഉളളതെന്നും കര്‍ഷകര്‍ പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close