ഡ്രീം ആക്ട്; യുഎസിലെ 7000 ഇന്ത്യക്കാരുടെ ഭാവിയെ ബാധിക്കും

ഡ്രീം ആക്ട്; യുഎസിലെ 7000 ഇന്ത്യക്കാരുടെ ഭാവിയെ ബാധിക്കും

അളക ഖാനം
വാഷിങ്ടണ്‍: മാതാപിതാക്കളോടൊപ്പം നിയമ വിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ കുട്ടികള്‍ക്ക് രാജ്യത്ത് കഴിയാന്‍ അനുമതി നല്‍കുന്ന ഡ്രീം ആക്ട് ഭരണഘടന വിരുദ്ധമാണെന്ന് യു.എസ്. അറ്റോര്‍ണി ജനറല്‍. ഈ പദ്ധതി നിര്‍ത്തലാക്കാന്‍ ഡോണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍ മാധ്യമങ്ങളെ അറിയിച്ചു.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 2012ല്‍ രൂപം നല്‍കിയ പദ്ധതിയാണ് ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് എന്ന ഡ്രീം ആക്ട്. ഈ നിയമപ്രകാരം കുടിയേറിയ കുട്ടികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനും ഡിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സംരക്ഷണമുണ്ട്.
ഡ്രീം ആക്ട് പദ്ധതിയുടെ അടിസ്ഥാനത്തില്‍ എട്ട് ലക്ഷത്തോളം പേര്‍ക്ക് യു.എസില്‍ ജോലി ചെയ്യുന്നതിന് ഒബാമ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് സാവകാശം പിന്‍വലിക്കുകയാണെന്ന് ജെഫ് സെഷന്‍ വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനം നിയമപരമായി അംഗീകരിക്കുന്നതിന് യു.എസ് കോണ്‍ഗ്രസിന് ആറു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഡ്രീം ആക്ട് പിന്‍വലിച്ചാല്‍ ഇന്ത്യന്‍ വംശജരായ 7000ത്തോളം പേരുടെ ഭാവിയാണ് അവതാളത്തിലാക്കുക.
അതേസമയം, ട്രംപ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close