ഓരോ ഇന്ത്യക്കാരനും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി

ഓരോ ഇന്ത്യക്കാരനും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന പ്രസംഗത്തിലാണ് ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്ഘാടനം ചെയ്തതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യമേഖലയില്‍ ഇത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ അറിയാന്‍ സാധിക്കുന്നത്. ഓരോ ഇന്ത്യക്കാരനും സ്വന്തം മെഡിക്കല്‍ വിവരങ്ങള്‍ അടങ്ങിയ ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും ഈ കാര്‍ഡ് ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ അറിയിച്ചു. ഓരോ തവണയും ആശുപത്രിയോ ഫാര്‍മസിയോ സന്ദര്‍ശിക്കുമ്പോള്‍ വിവരങ്ങള്‍ ഈ കാര്‍ഡില്‍ രേഖപ്പെടുത്തും. ഡോക്ടറുടെ അപ്പോയിന്‍മെന്റ് മുതല്‍ ചികിത്സ വരെയുള്ള എല്ലാ വിവരങ്ങളും ഈ ഹെല്‍ത്ത് കാര്‍ഡിന്റെ പ്രൊഫൈലില്‍ ലഭ്യമാകും. പുതിയ പദ്ധതി പൂര്‍ണമായും സാങ്കേതികവിദ്യയില്‍ ആസ്പദമായിരിക്കുമെന്നും ഇന്നു മുതല്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കാനാണ് നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്കു കീഴിലാണ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ഈ പദ്ധതി പ്രകാരം എല്ലാ രോഗികള്‍ക്കും രഹസ്യാത്മകമായി സൂക്ഷിക്കേണ്ട മെഡിക്കല്‍ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഹെല്‍ത്ത് കാര്‍ഡ് ലഭിക്കും. മരുന്നു കുറിപ്പടികള്‍, പരിശോധനാഫലങ്ങള്‍, ഡിസ്ചാര്‍ജ് സമ്മറി തുടങ്ങിയവ ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കും. രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ട മെഡിക്കല്‍ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത് എന്നിരിക്കേ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സര്‍വറില്‍ നിന്ന് വിവരങ്ങള്‍ക്ക് അനുമതി കൊടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ നേരിട്ടെത്താതെതന്നെ ടെലി കണ്‍സള്‍ട്ടേഷനും ഇ-ഫാര്‍മസികളിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ഡിഎച്ച്എം) രോഗികളെ സഹായിക്കും. കൂടാതെ ഈ കാര്‍ഡ് ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങള്‍ക്കും ഉപയോഗിക്കാം.

Post Your Comments Here ( Click here for malayalam )
Press Esc to close