ഡിജിറ്റല്‍ വ്യാപാരം; ഈ വര്‍ഷം 2.37 ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷ

ഡിജിറ്റല്‍ വ്യാപാരം; ഈ വര്‍ഷം 2.37 ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്ര, ഇകൊമേഴ്‌സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയാണ് ഡിജിറ്റല്‍ വ്യാപാരത്തിന് കരുത്തേകുന്നത്. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് 34 ശതമാനം വളര്‍ച്ച ഉണ്ടായതായാണ് വിലയിരുത്തല്‍.
ഡിസംബര്‍ 2018ഓടെ ഈ രംഗത്തെ ബിസിനസ് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകൂട്ടല്‍. ഡിജിറ്റല്‍ വ്യാപാര വിപണിയില്‍ 54 ശതമാനം വിപണി വിഹിതവും ഓണ്‍ലൈന്‍ യാത്രാസേവന വിഭാഗത്തിന്റെ സംഭാവനയാണ്. ഏകദേശം 1.10 ലക്ഷം കോടി രൂപയുടേതാണ് ഈ രംഗത്തെ ബിസിനസ്. ഇതില്‍ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമാണ് മുന്നില്‍.
ഇടെയില്‍ വിഭാഗം 73,845 കോടി രൂപ സംഭാവന ചെയ്യുമ്പോള്‍ യൂട്ടിലിറ്റി സേവന വിഭാഗത്തില്‍ 10,201 കോടി രൂപയാണ് ലഭിക്കുന്നത്. വൈവാഹിക പംക്തികളിലൂടെയും പരസ്യങ്ങളിലൂടെയും ഉള്ള വരുമാനം 6,060 കോടി രൂപയുടേതാണ്. ഓണ്‍ലൈന്‍ ഗ്രോസറി വിതരണത്തിലൂടെയുള്ള ബിസിനസ് 2,200 കോടിയുടേതും. 2017ല്‍ നഗരപ്രദേശങ്ങളില്‍ 29.5 കോടി പേരായിരുന്നു ഓണ്‍ലൈന്‍ ഉപയോക്താക്കള്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close