ജീവന്‍ തുളുമ്പുന്ന ‘ഡിസൈനര്‍ ബേബി’

ജീവന്‍ തുളുമ്പുന്ന ‘ഡിസൈനര്‍ ബേബി’

കെ.കെ.പടിഞ്ഞാറപ്പുറം
പുതുമയുള്ള പ്രമേയം. പേരിനുപോലും നവീനമായൊരു കുലീനത. എസ്.സരോജത്തിന്റെ ‘ഡിസൈനര്‍ ബേബി’ വായനക്കാരെ തൃപ്തിപ്പെടുത്തുന്ന ഒരു പുസ്തകം. ശാസ്ത്രചിന്തകളുടെ ചൈതന്യം തുളുമ്പുന്ന മനസ്സില്‍ ഭാവനയുടെ സര്‍ഗ്ഗചാരുത കൂടി നിറഞ്ഞപ്പോള്‍ നിര്‍മ്മലമായൊരു സൃഷ്ടിയുണ്ടായി. ജനിതകരോഗങ്ങളില്‍നിന്നു മുക്തമായൊരു തലമുറ; രണ്ടമ്മയും ഒരച്ഛനും ചേര്‍ന്ന് ജന്മംനല്‍കുന്ന കുഞ്ഞുങ്ങള്‍….
ഡിസൈനര്‍ ബേബിയുടെ ജീവന്‍ ശാസ്ത്രത്തിന്റെതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികാസപരിണാമങ്ങള്‍ക്കിടയില്‍ മനുഷ്യബന്ധങ്ങളുടെ ബന്ധുരത അന്യമാകുന്ന കാലം, പക്ഷേ ഏതു ശാസ്ത്രത്തെയും അടിയറവു പറയിക്കുന്ന മാതൃത്വത്തിന്റെറ വിസ്മയ മഹനീയ ഭാവം ഈ നോവലില്‍ ആവോളമുണ്ട്. അനപത്യതാദുഃഖത്തില്‍ കഴിയുന്ന നീരജ അമ്മയാകാതിരുന്നിട്ടും അമ്മയായി. അതിനും സ്വന്തം അമ്മതന്നെ വേണ്ടിവന്നു. മകളുടെയും അവളുടെ ഭര്‍ത്താവിന്റെയും ജീവിതത്തിനിടയില്‍ പെട്ടുപോയ ശ്രീദേവിയമ്മ മകള്‍ക്കുവേണ്ടി വീണ്ടും അമ്മയായപ്പോള്‍ അത് കുടുംബബന്ധങ്ങളുടെ പൊളിച്ചെഴുത്തായി. ആപത്തിനു കാരണമായി. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് ഇവരുടെ ആത്മസംഘര്‍ഷങ്ങള്‍ വായനക്കാരുടെ മനസ്സിലും ചലനമുണ്ടാക്കും. ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊങ്ങച്ചജീവിതത്തിന്റെ വിങ്ങലുകള്‍ ഈ നോവലിലുണ്ട്. മനുഷ്യബന്ധങ്ങളിലെ സ്വാര്‍ത്ഥതയുടെ നേര്‍ചിത്രം ഈ നോവലിന്റെ അന്തര്‍ധാരയാണ് ശാസ്ത്രസാങ്കേതികതയുടെ പശ്ചാത്തലത്തില്‍ രചിച്ച ഈ നോവലില്‍ അനുവാചകര്‍ക്ക് മനസ്സിലാകാത്ത ശാസ്ത്രസംബന്ധിയായ പദങ്ങളില്ല. തികച്ചും തെളിമയും തേജസ്സുമാര്‍ന്ന, ലാളിത്യത്തിന്റെ ജീവിതഭാഷ നോവലിന്റെ രചനാമികവായി എടുത്തുപറയേണ്ടതുണ്ട് . ഡിസൈനര്‍ ബേബികള്‍ സമൂഹത്തിന്റെ ഭാഗമായി മാറുന്ന കാലം വരവായി. എങ്ങനെയുള്ള മനുഷ്യജന്മത്തെയും സ്‌നേഹിക്കാനുള്ള മാനസികപക്വത ഉണ്ടാവണമെന്ന് ഈ നോവല്‍ പറയാതെ പറയുന്നു. ഇലക്ട്രോണിക് യുഗം സൃഷ്ടിക്കുന്ന മികവിന്റെ സത്യസന്ധതയിലും ഹൃദ്യമായ മാനവികവികാരം നഷ്ടപ്പെടുന്നുണ്ടെന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.
സാങ്കേതികവിദ്യയുടെ വിജയത്തിലും ജീവിതപരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ വിഥിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് ഡിസൈനര്‍ ബേബി.
ഈ നോവലിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സില്‍ സജീവസാന്നിദ്ധ്യമായി മാറുന്നു. കവിയായ എസ്.സരോജം തന്റെ നോവലുകളിലും ചെറുകഥകളിലുമൊക്കെ ഭാഷയുടെ കാവ്യഭാവുകത്വം നിറച്ചുവയ്ക്കാറുണ്ട്. ഏറ്റവും പുതിയ പ്രമേയവും കാവ്യഭാവുകത്വവും ഒത്തുചേര്‍ന്ന അപൂര്‍വ്വസുന്ദരമായ നോവലാണ് ഡിസൈനര്‍ ബേബി.

Post Your Comments Here ( Click here for malayalam )
Press Esc to close