ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കിയത് ചലച്ചിത്ര മേളയെ ബാധിച്ചിട്ടില്ല: കമല്‍

ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കിയത് ചലച്ചിത്ര മേളയെ ബാധിച്ചിട്ടില്ല: കമല്‍

ഗായത്രി-
തിരു:
ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കിയത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെ ബാധിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. മേളയുടെ ഇതുവരെയുള്ള നടത്തിപ്പില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മേള നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതെല്ലാം വിലയിരുത്തേണ്ടത് ഡെലിഗേറ്റുകളാണ്. ഞങ്ങള്‍ സംഘാടകര്‍ മാത്രമാണ്. നമ്മള്‍ കല്യാണം നടത്തിയിട്ട് എങ്ങനെയുണ്ടെന്ന് നമ്മള്‍ തന്നെ പറയുന്നത് ശരിയല്ല കമല്‍ പറഞ്ഞു.
എല്ലാവര്‍ഷവും 2000 രൂപ ഫീസ് വാങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിയില്ല. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചാല്‍ അംഗീകരിക്കേണ്ടി വരും. മുന്‍ വര്‍ഷത്തെക്കാള്‍ ചെലവ് കുറച്ചും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ നല്ല ജനപങ്കാളിത്തം മേള വിജയകരമാണെന്നതിനുള്ള പ്രകടമായ ഉദാഹരണമാണ്.
ടാഗോര്‍ തിയേറ്ററിലെ സംഗീത പരിപാടി അക്കാദമിയുടെ ചെലവിലല്ല നടത്തുന്നത്. ടാഗോര്‍ തിയറ്ററിലെ സാംസ്‌കാരിക കൂട്ടാമയാണ് അതിന് പിന്നില്‍. പരിപാടിക്ക് അക്കാദമി സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തത്. മേളയിലെ മറ്റ് സ്റ്റാളുകള്‍ നടത്തുന്നതിന് ഫീസ് വാങ്ങുന്നുണ്ട്. സാംസ്‌കാരിക പരിപാടി ആയതിനാലാണ് സൗജന്യമായി സ്ഥലം നല്‍കിയത്.
പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനിടെ പ്രൊജക്ടര്‍ കേടായത് മേളയ്ക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുണ്ടാകാവുന്ന സാങ്കേതിക തകരാര്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close