ദീപാവലിയുടെ ആഘോഷം വിപണിയില്‍ തുടങ്ങി

ദീപാവലിയുടെ ആഘോഷം വിപണിയില്‍ തുടങ്ങി

വിഷ്ണു പ്രതാപ്
മുംബൈ: ദീപാവലിക്കുമുന്നെ ഓഹരി വിപണിയില്‍ ആഘോഷം തുടങ്ങി. തുടര്‍ച്ചയായി രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 250.47 പോയന്റ് നേട്ടത്തില്‍ 32,432.69ലും നിഫ്റ്റി 71.10 പോയന്റ് ഉയര്‍ന്ന് 10,167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഉച്ചയ്ക്കുശേഷത്തെ വ്യാപാരത്തില്‍ ഒരുവേള സെന്‍സെക്‌സ് 300 പോയന്റ് കുതിച്ചിരുന്നു. നിഫ്റ്റിയാകട്ടെ എക്കാലത്തെയും റെക്കോഡായ 10,181.10ലുമെത്തി. അല്പം താഴ്ന്നാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1423 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എന്‍എസ്ഇയിലെ എഴുപതോളം ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.
ടാറ്റസണ്‍സിന്റെ ടെലികോം ബിസിനസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഭാരതി എയര്‍ടെലിന്റെ ഓഹരി വില ആറ് ശതമാനം കുതിച്ചു. ടാറ്റ ടെലിസര്‍വീസിന്റെ ഓഹരി വില ഒമ്പത് ശതമാനവും ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ വില രണ്ട് ശതമാനവും ഭാരതി ഇന്‍ഫ്രടെലിന്റെ ഓഹരി വില മൂന്ന് ശതമാനവും ഉയര്‍ന്നു.
ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close