എണ്ണ വില വര്‍ധിക്കും

എണ്ണ വില വര്‍ധിക്കും

ഫിദ-
കൊച്ചി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തി. ഇതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തിരിച്ചുകയറും. രണ്ടാഴ്ച മുമ്പുള്ളതിനെക്കാള്‍ അസംസ്‌കൃത എണ്ണവില ഏതാണ്ട് 20 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിലവര്‍ധന തുടര്‍ന്നാല്‍, ഇതേ അനുപാതത്തില്‍ പെട്രോള്‍, ഡീസല്‍ വിലകളും കയറാനാണ് സാധ്യത.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 70.38 രൂപയും ഡീസലിന് 65.62 രൂപയുമായിരുന്നു ബുധനാഴ്ച. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധന വില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു. മൂന്നു മാസം കൊണ്ട് പെട്രോളിന് 13 രൂപയിലേറെയും ഡീസലിന് 11 രൂപയിലേറെയും കുറഞ്ഞിട്ടുണ്ട്. അസംസ്‌കൃത എണ്ണവില 50 ഡോളറിലേക്ക് താഴ്ന്നതോടെയാണ് ഇത്. ആഗോള വിപണിയിലെ വിലത്തകര്‍ച്ചക്കൊപ്പം ഡോളറിനെതിരേ രൂപ സ്ഥിരത കൈവരിക്കുക കൂടി ചെയ്തതാണ് നേട്ടമായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് സ്ഥിതി വീണ്ടും മാറിയത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ജനുവരി ഒന്നു മുതല്‍ ഉത്പാദനം കുറച്ചതാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടാന്‍ ഇടയാക്കിയത്. ഡിമാന്‍ഡിലെ വളര്‍ച്ച കുറയുമെന്ന ആശങ്ക നീങ്ങിയതും വിലവര്‍ധനയ്ക്ക് കാരണമായി.

 

Post Your Comments Here ( Click here for malayalam )
Press Esc to close